കൊയിലാണ്ടിയിൽ വീണ്ടും മോഷണം; വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ സ്വർണമാല കവർന്നു

news image
Oct 11, 2023, 8:47 am GMT+0000 payyolionline.in

കൊയിലാണ്ടി∙ പൊലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെയുള്ള മേഖലകളിൽ വീണ്ടും മോഷണം. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ പാലക്കുളം പൊക്കനാരി ഷാഹിനയുടെ വീട്ടിൽ മോഷണം നടന്നു. വീടിന് പുറകുവശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയ കള്ളൻ, ഉറങ്ങിക്കിടക്കുകയായിരുന്ന ഷാഹിനയുടെ കഴുത്തില്‍ നിന്നും 3 പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു.

ഉടനെ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ഷാഹിന ഭര്‍ത്താവിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് ഷാഹിനയും ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകന്‍ ഉമര്‍ ഷെഫീല്‍ കോഴിക്കോടുള്ള ഭാര്യ വീട്ടില്‍ പോയിരുന്നു.

അടുത്തിടെയായി കൊയിലാണ്ടിയില്‍ മോഷണം പതിവായിരിക്കുകയാണ്. ആളില്ലാത്ത സമയം മനസ്സിലാക്കി വീട്ടിനുള്ളില്‍ കയറിയാണ് മോഷണം. പാലക്കുളത്തേത് അടക്കം ഇതിനകം മൂന്നു വീട്ടമ്മമാരുടെ മാലയാണ് മോഷ്ടാക്കള്‍ കവർന്നത്. ആനക്കുളത്തും കൊയിലാണ്ടി കൊരയങ്ങാട് തെരുവിലുമാണ് നേരത്തെ കവർച്ച നടന്നത്.

കൊരയങ്ങാട് തെരുവിൽ വയോധികയുടെ മാല പൊട്ടിച്ച കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ആനക്കുളത്ത് വീട്ടമ്മയുടെ മാല കവർന്ന കള്ളൻ തന്നെയാണ് കൊരയങ്ങാടും കവർച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ദിവസങ്ങള്‍ കഴിയുംതോറും കവർച്ച കൂടി വരികയും കള്ളനെ പിടികൂടാന്‍ പൊലീസിന് കഴിയാത്തതും ജനങ്ങൾക്കിടയിൽ ഭീതിയും ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe