കൊയിലാണ്ടി-നടുവണ്ണൂർ പാതയിൽ ചെറോൽപ്പുഴ പാലം അപകടാവസ്ഥയിൽ; നടപടിയില്ലാതെ അധികൃതർ

news image
Mar 7, 2026, 4:27 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി-നടുവണ്ണൂർ റോഡിൽ ഒറ്റക്കണ്ടത്തിനും ഊരള്ളൂരിനും ഇടയിലുള്ള ചെറോൽപ്പുഴ (ചെറയിൽ പുഴ) പാലം അതീവ അപകടാവസ്ഥയിൽ. വർഷങ്ങൾ പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ പൂർണ്ണമായും തുരുമ്പെടുത്ത നിലയിലാണ്. പലയിടത്തും കമ്പികൾ തൂങ്ങിനിൽക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് മുത്താമ്പി വൈദ്യരങ്ങാടി-നടുവണ്ണൂർ റോഡ് നവീകരിച്ചിരുന്നെങ്കിലും, ഈ പാലം മാത്രം പുതുക്കിപ്പണിയാൻ അധികൃതർ തയ്യാറായില്ല. കൊയിലാണ്ടിയിൽ നിന്ന് ഊരള്ളൂർ വഴി നടുവണ്ണൂരിലേക്കും പേരാമ്പ്രയിലേക്കും നൂറുകണക്കിന് സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. സ്കൂൾ ബസുകൾക്ക് പുറമെ ഭാരം കയറ്റിയ ടോറസ് ലോറികളും ഇതേ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. ബലക്ഷയം സംഭവിച്ച പാലത്തിലൂടെയുള്ള യാത്ര ഭീതിയോടെയാണെന്ന് ബസ് ജീവനക്കാരും നാട്ടുകാരും പറയുന്നു.

കൊയിലാണ്ടി നഗരസഭയുടെയും അരിക്കുളം ഗ്രാമപ്പഞ്ചായത്തിന്റെയും അതിർത്തിയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. നടുവണ്ണൂർ മേഖലയിൽ നിന്ന് കൊയിലാണ്ടി നഗരത്തിലെത്താനുള്ള പ്രധാന പാതയാണിത്. പാലം ഏതെങ്കിലും സാഹചര്യത്തിൽ തകർന്നാൽ ഈ റൂട്ടിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും. വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി പാലം പുതുക്കിപ്പണിയാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe