കൊല്ലം കൊലപാതകം; സഹോദരിക്ക് ‌മറ്റൊരു വിവാഹം നിശ്ചയിച്ചത് മാതാപിതാക്കളോടുള്ള വിരോധത്തിന് കാരണമായെന്ന് എഫ്ഐആർ

news image
Mar 18, 2025, 5:44 am GMT+0000 payyolionline.in

കൊല്ലം: കൊല്ലപ്പെട്ട ഫെബിൻ്റെ സഹോദരിക്ക് ‌മറ്റൊരു വിവാഹം നിശ്ചയിച്ചത് മാതാപിതാക്കളോടുള്ള തേജസിൻ്റെ വിരോധത്തിന് കാരണമായെന്ന് കൊല്ലം കൊലപാതകത്തിൽ എഫ്ഐആർ. സഹോദരനെയും മാതാപിതാക്കളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് തേജസ് വീട്ടിൽ എത്തിയതെന്നും കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഫെബിനെയും പിതാവിനെയും കുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കൊല്ലം ഉളിയക്കോവിലിലാണ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി 7 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

അതേസമയം, പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പദ്ധതി. കുപ്പിയിൽ പെട്രോളുമായിട്ടാണ് തേജസ് രാജ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് ഫെബിന്റെ അച്ഛനുമായുള്ള വാക്കുതർക്കത്തിനിടെ തടയാനെത്തിയ ഫെബിനെ കുത്തുകയായിരുന്നു. ഫെബിനെ കുത്തിയതിന് ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ആക്രമണത്തിൽ ഫെബിന്റെ അച്ഛനും പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് കുടുംബങ്ങളും നല്ല അടുപ്പത്തിലായിരുന്നുവെന്ന് കമ്മീഷണർ കിരൺനാരായണൻ പറഞ്ഞു. വ്യക്തിബന്ധങ്ങളിലുണ്ടായ വിള്ളലാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പ്രതിയും മരിച്ചു. വ്യക്തികളുടെ സ്വാതന്ത്ര്യം മാനിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. ആസൂത്രണത്തെ കുറിച്ച് ശാസ്ത്രീയഅന്വേഷണം തുടരുകയാണ്. പ്രൊഫൈലിംഗ് നടത്തി അനുമാനത്തിൽ എത്തണം. ഒരു നോ പോലും യുവാക്കൾക്ക് പറ്റുന്നില്ല. നോ പറയുന്ന പെൺകുട്ടിയെ ആക്രമിക്കുന്നതാണ് സിനിമയിൽ ഉൾപ്പെടെ കാണുന്നത്. മനുഷ്യ ബന്ധങ്ങൾക്ക് വില കൽപ്പിക്കാൻ തയ്യാറാകുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe