കോടതികളിൽ ഇനി മുൻസിഫ് – മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇല്ല; സബ് ജഡ്‌ജ്‌ എന്ന്‌ പുനർനാമകരണം ചെയ്യാൻ തീരുമാനം

news image
Dec 6, 2023, 10:18 am GMT+0000 payyolionline.in

തൃശൂർ : കേരള ജുഡീഷ്യൽ സർവീസിലെ മുൻസിഫ് – മജിസ്‌ട്രേറ്റ്; സബ്‌ജഡ്ജ് /ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എന്നീ തസ്‌തികളുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗ തീരുമാനം. മുൻസിഫ്- മജിസ്‌ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നും സബ് ജഡ്ജ് / ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) എന്നുമാണ് പുനർനാമകരണം ചെയ്യുക. ഇതിനായി 1991 ലെ കേരള ജുഡീഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ഈ മാറ്റം.

മറ്റ്‌ തീരുമാനങ്ങൾ:

വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി നൽകുന്നത്  സംബന്ധിച്ച ചട്ട പരിഷ്‌കരണത്തിന് അനുമതി

വ്യവസായ ആവശ്യങ്ങൾക്കായി വ്യവസായ ഏരിയയിൽ സർക്കാർ ഭൂമിക്ക് പട്ടയം നൽകുന്നതും വ്യവസായ സംരംഭകരുടെ ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച ചട്ട പരിഷ്‌കരണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കേരള ഗവൺമെന്റ് ലാന്റ് അലോട്ട്മെൻറ് ആന്റ്  അസൈൻമെന്റ് ഫോർ ഇൻഡസ്‌ട്രിയൽ പർപ്പസ് റൂൾസ് 2023 അംഗീകരിക്കാൻ തീരുമാനിച്ചു.

ദീർഘിപ്പിച്ചു

സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി ഐ ഷേയ്‌ക് പരീതിന്റെ പുനർ നിയമന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.

കാര്യനിർവഹണ ചട്ടങ്ങളിൽ  ഭേദഗതി

സർക്കാരിന്റെ കാര്യനിർവഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളിൽ ഭേദഗതി വരുത്താൻ ഗവർണറുടെ അനുമതി തേടും. ശിക്ഷാ ഇളവ് നൽകുന്നത് സംബന്ധിച്ചാണ് ഭേദഗതി. ശിക്ഷാ ഇളവ് നൽകുന്നത് മന്ത്രിസഭയുടെ തീരുമാനത്തിന് വിധേയമായിരിക്കും.

പുനർഗേഹം പദ്ധതിയിൽ ഫ്ളാറ്റുകൾ നിർമിക്കാൻ ഭരണാനുമതി

ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ രണ്ട് ഏക്കർ ഭൂമിയിൽ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 37.62 കോടി രൂപയുടെ ഭരണാനുമതി നൽകി.

ഫർണിച്ചർ വാങ്ങുന്നതിന് തുക

കണ്ണൂർ ജില്ലയിലെ കക്കാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ  ഭാഗമായി ഫർണിച്ചറുകൾ വാങ്ങുന്നതിന് 19, 27,192 രൂപ അനുവദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe