പാലക്കാട് ∙ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ.വിദ്യയുടെ അറസ്റ്റ്, മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുത്ത ശേഷം മാത്രമെന്ന് അഗളി ഡിവൈഎസ്പി എൻ.മുരളീധരൻ പറഞ്ഞു. എസ്എഫ്ഐ നേതാവ് പി.എം.ആർഷോയുടെ കേസ് ഊർജിതമായി അന്വേഷിക്കുന്ന പൊലീസ് വിദ്യയുടെ കേസിൽ മെല്ലെപ്പോകുന്നതു സർക്കാരിന്റെ സമ്മർദം മൂലമാണെന്ന ആക്ഷേപത്തിനിടെയാണു ഡിവൈഎസ്പിയുടെ വിശദീകരണം.
കോടതി തീരുമാനമെടുക്കും മുൻപു മറ്റു നടപടികളിലേക്കു കടക്കേണ്ടതില്ലെന്ന ഉന്നത നിർദേശം പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. വിദ്യയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നു പൊലീസ് പറയുന്നു. ഇതിനിടെ, കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ പി.ആൽബർട്ട് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടി ഗവ. കോളജിലെത്തി പ്രിൻസിപ്പലിന്റെയും ഇന്റർവ്യൂ പാനലിലെ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി.