കോടിയേരിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്; പയ്യാമ്പലത്ത് സ്മൃതിമണ്ഡപം ഉയർന്നു

news image
Oct 1, 2023, 3:47 am GMT+0000 payyolionline.in

കണ്ണൂർ: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട് തികയുന്നു. പയ്യാമ്പലത്ത് കോടിയേരിയുടെ സ്മൃതിമണ്ഡപം ഇന്ന് അനാച്ഛാദനം ചെയ്യും. കോടിയേരിയുടെ ഓര്‍മ്മകള്‍ അലയടിക്കുന്ന പയ്യാമ്പലത്തെ സാഗരതീരത്താണ് നിത്യ സ്മാരകം ഉയര്‍ന്നത്.

കോടിയേരി ബാലകൃഷ്‌ണൻ ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം എ.കെ.ജി സെന്‍ററിൽ പതാക ഉയർത്തി. പ്രക്ഷോഭ പാതകൾക്ക് എന്നും ഊർജം പകർന്ന സഖാവിന്‍റെ സ്മരണ ഏത് പ്രതിസന്ധിഘട്ടത്തിലും കരുത്തേകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുസ്മരിച്ചു.പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തലശ്ശേരിയിലും തളിപ്പറമ്പിലും ബഹുജനറാലിയും വളണ്ടിയര്‍ മാര്‍ച്ചും അനുസ്മരണ സമ്മേളനവും നടത്തി.തുടര്‍ന്ന് സ്മൃതിമണ്ഡപം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്തു. വൈകിട്ട് തലശ്ശേരിയില്‍ വളണ്ടിയര്‍മാര്‍ച്ചും ബഹുജന പ്രകടനവും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പില്‍ ബഹുജനറാലിയും വളണ്ടിയര്‍ പരേഡും എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.സ്മൃതിമണ്ഡപത്തിൽ ഉണ്ണി കാനായിയാണ് സ്തൂപം ഒരുക്കിയത്. രക്തനക്ഷത്രത്തിനും ഉയര്‍ന്നു പാറുന്ന ചെങ്കൊടിക്കും താഴെ ചിരിതൂകി നില്‍ക്കുന്ന കോടിയേരിയുടെ മുഖം ഗ്രാനൈറ്റിലാണ് കൊത്തിയെടുത്തത്. ഉപ്പുകാറ്റും വെയിലുമേറ്റാല്‍ നിറം മങ്ങാത്ത വിധം സെറാമിക് ടൈലുകള്‍ ചേര്‍ത്താണ് സ്തൂപം നിര്‍മിച്ചതെന്ന് ശില്‍പ്പി ഉണ്ണി കാനായി പറഞ്ഞു. ഒരു മാസമെടുത്താണ് സ്തൂപനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe