കോട്ടയം: കോട്ടയം ഗവ. നഴ്സിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർഥികൾക്കെതിരെ അതിക്രൂര റാഗിങ്. മൂന്നാംവർഷ വിദ്യാർഥികളായ അഞ്ചുപേരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റുചെയ്തു. ഹോസ്റ്റലിലെ ക്രൂര പീഡനത്തിനിരയായ മൂന്ന് വിദ്യാർഥികളുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്.
മുതിർന്ന വിദ്യാർഥികൾ മൂന്ന് മാസമായി ഇവരെ റാഗിങ് ചെയ്തിരുന്നുവെന്നും നഗ്നരാക്കി നിർത്തിയ ശേഷം വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡമ്പൽ തൂക്കിയും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിപ്പെടുത്തിയും നിലവിളിക്കുമ്പോൾ വായിൽ ക്രീമും കലാമിൻ ലോഷൻ ഒഴിച്ചും അതിക്രൂരമായാണ് ഇവരെ പീഡിപ്പിച്ചിരുന്നതെന്ന് പരാതിയിൽ പറയുന്നു.
ഞായറാഴ്ച ദിവസങ്ങളിൽ കുട്ടികളിൽനിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയ ശേഷം സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. കഴിഞ്ഞ നവംബർ മുതലാണ് റാഗിങ്ങിന്റെ പേരിൽ ക്രൂരമായ പീഡനം നടന്നത്. ഗാന്ധിനഗർ എസ്എച്ച്ഒ ടി ശ്രീജിത്തിന്റെ നേതൃത്വത്തിൽ സീനിയർ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ബുധൻ ഇവരെ കോടതിയിൽ ഹാജരാക്കും.