കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷം. ഇതുവരെ ആറ് മരണമാണ് സ്ഥിരീകരിച്ചത്. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ 24കാരനായ ജോസഫിൻ ജോണി മരിച്ചത് അപകടത്തിൽ കാലിന് പരിക്കേറ്റ് വീട്ടിൽ കഴിയുന്നതിന് ഇടയിലാണ്. വിശ്രമത്തിലിരിക്കവേയാണ് ജോസഫിനെ ഉരുളെടുത്തത്. അപകടത്തിൽ ജോസഫിന്റെ മാതാവ് റെജീനയും മരിച്ചിരുന്നു. സംഭവസമയം പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായിരുന്നതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പെൺമക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.
ചൂണ്ടച്ചേരി എഞ്ചിനീയറിങ് കോളേജ് കാന്റീൻ ജീവനക്കാരനാണ് ജോസഫിൻ ജോണി. കഴിഞ്ഞ മാസമാണ് ഈരാറ്റുപേട്ടയിൽ വെച്ചുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റത്. റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ്. ഇടമല ഭാഗത്ത് നിന്ന് വന്ന ഉരുളാണ് അമ്മയുടേയും മകന്റെയും ജീവൻ കവർന്നത്.
അതേസമയം തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്നും മാതാവിന്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്. കുട്ടി തോട്ടിൽ വീണ് ഒഴുക്കിൽ പെട്ടത് കണ്ടെങ്കിലും സ്ലാബുകൾ മൂടിയ തോടായതിനാൽ രക്ഷപ്പെടുത്താനായില്ല. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും ഏറെ സമയം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
വാകത്താനം ചക്കൻ ചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരനും ജീവൻ നഷ്ടമായിരുന്നു. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ ഷിജു (11) ആണ് മരിച്ചത്. വീടിന് സമീപം ജൽ ജീവൻ മിഷന്റെ വാട്ടർ ടാങ്കിന് വേണ്ടി കുഴിയെടുത്തതിൽ ഉണ്ടായ വെള്ളക്കെട്ടിൽ വീണാണ് അപകടം ഉണ്ടായത്. സഹോദരിയോടൊപ്പം കുളിച്ച് കൊണ്ടിരുന്നപ്പോൾ പെട്ടന്ന് താഴ്ന്ന് പോവുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം കൊണ്ടോട്ടിയിൽ നാല് വയസുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചിരുന്നു. മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെ മകൻ ആദം ഐമൻ ആണ് മരിച്ചത്. തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ് ആദം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശൻ വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പ് ചെയ്യാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയിൽ പി സി വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎൽഎമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാനുള്ള നിർദേശവും നൽകി. രണ്ട് പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയിൽ കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്. മറൈൻ എൻഫോഴ്സ്മെന്റ് സംഘവും സ്ഥലത്തുണ്ട്.
