കോഴിക്കോട്ടെ ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ, ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി: അസ്വാഭാവിക മരണത്തിന് കേസെടുത്തു

news image
Oct 22, 2025, 11:23 am GMT+0000 payyolionline.in

കോഴിക്കോട്: യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൈവേലിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി, കോട്ടത്തറ വയലില്‍ വീട്ടിൽ പ്രിയ (27) ആണ് മരിച്ചത്. ഭർത്താവ് വിജിത്തിൻ്റെ കോഴിക്കോട് കൈവേലിക്കടുത്ത് ചമ്പിലോറക്കടുത്ത് വെള്ളിത്തിറയിലെ വീടിനുള്ളിലാണ് പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രിയയെ വീടിനുള്ളിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ വീട്ടുകാർ പ്രിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മരിച്ച പ്രിയയും ഭർത്താവ് വിജിനും നാല് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതികൾക്ക് ഭൂവിചന്ദ്ര എന്ന് പേരുള്ള മകളുണ്ട്. വിവരം അറിഞ്ഞ് കുറ്റ്യാടി പൊലീസ് ആശുപത്രിയിലെത്തി. പിന്നീട് ഇവർ വിളിച്ചറിയിച്ച പ്രകാരം വടകര തഹസില്‍ദാറും സ്ഥലത്തെത്തി. ഇദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൽ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് വിധേയമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രിയയുടെ മരണത്തില്‍ ദരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe