കോഴിക്കോട്: പയ്യാനക്കലിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഒരാളെ നാട്ടുകാർ തടഞ്ഞുവച്ചു. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.കാറിൽ എത്തിയ യുവാവ് മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട് നാട്ടുകാർ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരു സ്ഥലം വരെ കൊണ്ടുപോകാൻ ആണെന്ന് ഇയാൾ മറുപടി നൽകുകയും ചെയ്തു. സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുമായി യുവാവിനെ യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലായത്.
താൻ കാസർകോട് സ്വദേശിയാണെന്നും കുട്ടിയെ വീട്ടിൽ ഇറക്കാനാണ് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടതന്നും ആയിരുന്നു യുവാവിന്റെ മറുപടി. തുടർന്ന് നാട്ടുകാർ കാറിന്റെ താക്കോൽ ഊരി മാറ്റി ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു. ഇയാൾക്ക് ചെറിയ രീതിയിൽ മർദനം ഏൽക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയ്ക്ക് സമീപം നിർത്തിയിട്ട ടാക്സി കാറിൽ താക്കോൽ ഉണ്ടായിരുന്നു. ആ വണ്ടി മോഷ്ടിച്ചാണ് ഇയാൾ പയ്യാനക്കൽ എത്തിയത്. യുവാവിനെ ബീച്ച് ഹോസ്പിറ്റലിലേക്ക് മാറ്റി