കോഴിക്കോട് ∙ താഴെ പടനിലം ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. രാത്രി പന്ത്രണ്ടോടെയാണ് സംഭവം. അമ്പലവയലിൽ നിന്നു മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു കാർ. യാത്രക്കാരായ ബിനു, ശൈലേന്ദ്രൻ എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
നരിക്കുനി അഗ്നി രക്ഷാ യൂണിറ്റിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രാഗിന്റെ നേതൃത്വത്തിൽ എത്തിയ രണ്ടു യൂണിറ്റ് ചേർന്നാണ് തീയണച്ചത്. സീനിയർ ഫയർ ഓഫിസർമാരായ ബാലു മഹേന്ദ്ര, മുഹമ്മദ് ആസിഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സുധീഷ്, അനൂപ്, നിഖിൽ, രഞ്ജിത്ത്, ജിനുകുമാർ, ഹോം ഗാർഡുമാരായ മുരളീധരൻ, വിജയൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.