കാവുമന്ദം: പിണങ്ങോട് പുഴക്കലിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ പൊഴുതന പന്നിയോറ സ്വദേശി കുണ്ടിൽ വീട്ടിൽ ജിതേഷ് കുമാർ, കോഴിക്കോട് സ്വദേശി വിജീഷ്, കാർ ഡ്രൈവർ കാവുമന്ദം ചെന്നലോട് സ്വദേശി ഉസ്മാൻ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം. കാവുമന്ദം പിണങ്ങോട് റൂട്ടിൽ കിണറിന് സമീപത്താണ് അപകടം നടന്നത്.
പിണങ്ങോട് ഭാഗത്ത് നിന്നും കാവുമന്ദം ഭാഗത്തേക്ക് വരുകയായിരുന്ന കാർ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജിതേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും കൈകാലുകൾക്കും പൊട്ടലുണ്ട്. വിജീഷിന്റെ തലക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ഫാത്തിമ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും മാറ്റി. പരിക്കേറ്റ ഉസ്മാൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.