കോഴിക്കോട്∙ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദവിയിലേക്കു കോഴിക്കോട് കോർപറേഷൻ. 25നകം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച് പ്രഖ്യാപനം നടത്താനുള്ള ഒരുക്കത്തിലാണു കോർപറേഷൻ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജി കേരള പദ്ധതിയുടെ ഭാഗമായാണ് കോർപറേഷൻ പരിധിയിലെ 14 വയസ്സിനു മുകളിലുള്ള മുഴുവനാളുകളെയും സ്മാർട്ട് ഫോൺ ഉപയോഗം പരിചയപ്പെടുത്തിയും ഓൺലൈൻ അറിവു നൽകിയും പുതിയ കാലത്തിനൊപ്പം ജീവിക്കാൻ പ്രാപ്തരാക്കുന്നത്.
കോർപറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലും നടത്തിയ സർവേ പ്രകാരം 30,187 പേരാണു ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവർ. സ്മാർട്ട് ഫോണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവരെ പരിശീലിപ്പിച്ചു. ഇന്നലെ വരെ 23,000 പേർ ഡിജിറ്റൽ പരിശീലനം പൂർത്തിയാക്കി. കോർപറേഷനിലെ 40 വാർഡുകളിൽ പരിശീലനം പൂർത്തിയാക്കി സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.
ചെലവൂർ വാർഡിലാണ് ആദ്യം പരിശീലനം പൂർത്തിയാക്കിയത്. ബാക്കിയുള്ള വാർഡുകളിലെ പരിശീലനം 2 ദിവസത്തിനകം പൂർത്തിയായേക്കും. കോർപറേഷൻ പരിധിയിലെ സർവേ നടത്താനും പരിശീലനത്തിനുമായി 5,358 വൊളന്റിയർമാരാണു പ്രവർത്തിക്കുന്നത്. 25ന് അകം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തുമെന്ന് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു.