കോഴിക്കോട്: ജില്ലയിലെ ആറായിരത്തോളം കുട്ടികൾക്ക് കേരള പൊലീസിന്റെ ‘ചിരി’ സഹായം. കുരുന്ന് മനസ്സുകളിലെ സംഘർഷങ്ങളൊഴിവാക്കി ചിരിയുണർത്താൻ പൊലീസ് ആരംഭിച്ച ഓൺലൈൻ കൗൺസലിങ് പദ്ധതിയാണ് ചിരി. 2020 ജൂലൈയിൽ ആരംഭിച്ച പദ്ധതിയിൽ കോഴിക്കോട് സിറ്റിയിലെ 2,650ഉം റൂറലിലെ 3,295ഉം ഉൾപ്പെടെ 5,945 പേർക്കാണ് ഇതിനകം വിവിധ സേവനം ലഭ്യമായത്. സംസ്ഥാനത്തെ മൊത്തം കണക്കുകൾ പരിശോധിക്കുമ്പോൾ 65,000ത്തോളം പേരാണ് കൗൺസലിങ് ഉൾപ്പെടെ സേവനം പ്രയോജനപ്പെടുത്തിയത്. തിരുവനന്തപുരവും കണ്ണൂരുമാണ് കോഴിക്കോടിനേക്കാൾ മുന്നിലുള്ള ജില്ല. തിരുവനന്തപുരത്ത് 6,427 പേരും കണ്ണൂരിൽ 5,987 പേരും ചിരി പദ്ധതിയുടെ ഭാഗമായി.
അമിത മൊബൈൽ ഫോൺ ഉപയോഗത്തിലൂടെ മാനസിക വിഭ്രാന്തി വന്നവർ, ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടവർ, രക്ഷിതാക്കളുടെ മദ്യപാനവും കുടുംബവഴക്കും കാരണം ഒറ്റപ്പെട്ടവർ, നിരന്തരം കുറ്റപ്പെടുത്തലുകളനുഭവിക്കുന്നവർ, അപകർഷബോധം വേട്ടയാടുന്നവർ, വിവിധ കാരണങ്ങളാൽ ഏകാന്തത അനുഭവിക്കുന്നവർ എന്നിവരടക്കമുള്ള വലിയ സംഘർഷങ്ങൾ നേരിട്ടവരിൽ നിരവധിപേരുടെ വീടുകളിൽ അതത് പൊലീസ് സ്റ്റേഷനുകളിലെ ഓഫിസർമാർ നേരിട്ടെത്തിയാണ് പ്രശ്നങ്ങൾ കേട്ടതും വേണ്ട മാർഗനിർദേശങ്ങൾ നൽകിയതും.
കോവിഡ് കാലത്തെ മാറിയ സാഹചര്യത്തിൽ മാനസിക സംഘർഷത്തിൽപ്പെട്ട 66 കുട്ടികൾ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതടക്കം മുൻനിർത്തി സർക്കാർ നിർദേശിച്ച പ്രകാരം ചിൽഡ്രൺസ് ആൻഡ് പൊലീസിന്റെ (കേപ്പ്) ഭാഗമായി അന്നത്തെ ഐ.ജി പി. വിജയൻ നോഡൽ ഓഫിസറായാണ് ‘ചിരി’ പദ്ധതി ആരംഭിച്ചത്. മുതിർന്ന സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളിൽനിന്നും ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൺ പദ്ധതി അംഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത് പരിശീലനം നൽകിയ 320 കുട്ടികളാണ് ചിരി പദ്ധതിയിലെ വളന്റിയർമാർ. 20 മനഃശാസ്ത്ര വിദഗ്ധർ, 43 കൗൺസിലർമാർ, 24 മനോരോഗ വിദഗ്ധർ അടങ്ങുന്ന സമിതിയാണ് മാർഗനിർദേശങ്ങൾ നൽകുന്നത്. മാനസിക പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് ഹെൽപ് ലൈൻ നമ്പറായ 9497900200ൽ എപ്പോഴും വിളിക്കാം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.