കോഴിക്കോട് ജില്ലയിലെ രണ്ട് ക്ഷേത്രങ്ങളിൽ സ്വർണ ഉരുപ്പടികൾ കാണാതായി

news image
Oct 8, 2025, 2:00 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള രണ്ടു ക്ഷേത്രങ്ങളിൽ സ്വർണ ഉരുപ്പടികൾ നഷ്ടപ്പെട്ടതായി പരാതി. ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ പരദേവത ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 20 പവനോളം സ്വർണ ഉരുപ്പടികൾ കാണാതായത്. നേരത്തെ ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫിസറായിരുന്ന സജീവൻ കുട്ടമത്ത് നടത്തിയ കണക്കെടുപ്പിലാണ് അഞ്ചിനങ്ങളിലുള്ള 20 പവനോളം സ്വർണ ഉരുപ്പടികൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

മലബാർ ദേവസ്വത്തിനു കീഴിലുള്ള ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികളുടെ കസ്റ്റോഡിയൻ എക്സിക്യൂട്ടിവ് ഓഫിസറാണ്. 2017-23 കാലയളവിൽ എക്‌സിക്യൂട്ടിവ് ഓഫിസറായിരുന്ന വിനോദനാണ് സംശയത്തിന്റെ നിഴലിലുള്ളത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നാല് എക്സിക്യൂട്ടിവ് ഓഫിസർമാരാണ് ഇവിടെ മാറിമാറി വന്നത്. വിനോദനുശേഷം ചുമതലയേറ്റ എക്സിക്യൂട്ടിവ് ഓഫിസർ സജീവൻ കുട്ടമത്ത് നടത്തിയ കണക്കെടുപ്പിലാണ് ഉരുപ്പടികൾ കാണാനില്ലെന്ന് കണ്ടെത്തിയത്. അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി വിനോദന് നോട്ടീസയച്ചിരുന്നു.

എന്നാൽ, വിനോദന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിച്ചില്ല. സജീവൻ കുട്ടമത്തിന് ശേഷമെത്തിയ എക്സിക്യൂട്ടിവ് ഓഫിസർമാരായ ഹരിദാസനും ദിനേശ് കുമാർ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയും വീണ്ടും നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു. ഇതിനും മറുപടി ലഭിക്കാത്തതിനാൽ എക്സിക്യൂട്ടിവ് ഓഫിസർ ദിനേശ്കുമാർ ദേവസ്വം അസി. കമീഷണർക്ക് റിപ്പോർട്ട് ചെയ്യുകയും തുടർന്ന് പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ, ഇതിനിടെ കഴിഞ്ഞ 18ന് സ്വർണ ഉരുപ്പടികൾ എത്തിക്കാമെന്ന് വിനോദൻ ഉറപ്പുനൽകി.

വെരിഫിക്കേഷൻ ഓഫിസറുടെയും അപ്രൈസറുടെയും സാന്നിധ്യത്തിൽ സ്വർണ ഉരുപ്പടികൾ തിട്ടപ്പെടുത്തി സ്വീകരിക്കാൻ തയാറായെങ്കിലും ഏതാനും സ്വർണ ഉരുപ്പടികൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നു വിനോദൻ പറഞ്ഞതിനെ തുടർന്ന് ബാക്കിയുള്ളവ എക്സിക്യൂട്ടിവ് ഓഫിസർ സ്വീകരിച്ചില്ല. സംഭവം വിവാദമായതോടെ ബുധനാഴ്ച സ്വർണം തിരിച്ചേൽപിക്കാമെന്ന് വിനോദൻ ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫിസർ ദിനേശ് കുമാറിനെ അറിയിച്ചിരിക്കുകയാണ്. സ്വർണം തിരികെ ലഭിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാത്തതിനെതിരെയും ആക്ഷേപമുയർന്നിട്ടുണ്ട്.

മുക്കം നീലേശ്വരം കല്ലുരുട്ടി കുന്നത്തുപറമ്പ് ശിവക്ഷേത്രത്തിലും സ്വർണ ഉരുപ്പടികൾ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ദേവസ്വം ബോർഡ് എക്സിക്യൂട്ടിവ് ഓഫിസർ മുരളീധരൻ നടത്തിയ പരിശോധനയിലാണ് സ്വർണംകൊണ്ടുള്ള സാധനസാമഗ്രികൾ നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞത്.

2023ൽ സ്ഥാനമൊഴിഞ്ഞ ട്രസ്റ്റി ബോർഡ് പുതിയ ബോർഡിന് അധികാരം കൈമാറുമ്പോൾ 32 സ്വർണ ചന്ദ്രകല, 12 സ്വർണത്താലി, മൂന്ന് സ്വർണ പൊട്ട്, ഒരു സ്വർണമണി എന്നിവയായിരുന്നു ഉണ്ടായിരുന്നത്. ഈ മാസം നാലിന് ബോർഡ് അധികൃതരുടെ പരിശോധനയിൽ ആറ് സ്വർണ ചന്ദ്രക്കല മാത്രമാണ് കണ്ടെത്തിയത്. നാല് സ്വർണത്താലി ലഭിച്ചിട്ടുണ്ടെങ്കിലും ഇത് റോൾഡ് ഗോൾഡാണ്. നാലുപേരടങ്ങുന്ന ട്രസ്റ്റി ബോർഡിനെ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് കഴിഞ്ഞമാസം പിരിച്ചുവിട്ടിരുന്നു.

അതേസമയം, 2023ന് ശേഷം ക്ഷേത്രത്തിലേക്ക് ലഭിച്ച സാധനങ്ങളുടെ കണക്കുകൾ ഇനിയും പുറത്തു വരാനുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ക്ഷേത്രപരിപാലന സമിതി മലബാർ ദേവസ്വം ബോർഡ് കമീഷണർക്കും മുക്കം പൊലീസിലും പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe