കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ പ്രഥമ അതിഥി എത്തി. സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളില്‍ ഏറ്റവും ആധുനിക സാങ്കേതിക വിദ്യയോടെ കഴിഞ്ഞ മാസം 17-നാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. കുഞ്ഞിന് ആദി എന്ന് പേരിട്ടതായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എൽ അരുണ്‍ ഗോപി അറിയിച്ചു.
രാത്രി 8.45-ഓടുകൂടിയാണ് അമ്മത്തൊട്ടിലില്‍ രണ്ട് ദിവസം പ്രായമുള്ള ആണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് 2.8 കിലോഗ്രാം തൂക്കമുണ്ട്. കുഞ്ഞ് എത്തിയ വിവരം മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ബന്ധപ്പെട്ടവര്‍ അറിയുകയായിരുന്നു. കഴിഞ്ഞ മാസം 17-ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്തത്.
മുന്‍ എം എൽ എയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എ പ്രദീപ് കുമാര്‍, തോട്ടത്തില്‍ രവീന്ദ്രന് എന്നിവരുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് ആണ് അമ്മത്തൊട്ടില്‍ നിർമിച്ചത്.