കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ സ്ഥലംമാറ്റിയ ജീവനക്കാര്‍ക്ക് തിരികെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഗ്രേഡ് വണ്‍ അസിസ്റ്റന്റ്മാരായ ആസ്യ, ഷൈനി, ഗ്രേഡ് 2 അറ്റന്‍ഡര്‍മാരായ ഷൈമ, ഷനൂജ നഴ്‌സിങ് അസിറ്റന്റ് പ്രസീത എന്നിവരെയാണ് തിരികെ നിയമിച്ചത്.കോഴിക്കോട് എംസിഎച്ച്, ഐഎംസിഎച്ച്, ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായാണ് പുനര്‍നിയമനം.
ഇവരെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് സ്ഥലംമാറ്റുകയുമായിരുന്നു.ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ഷൈന, ആസ്യ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമായിരുന്നു സ്ഥലംമാറ്റിയത്. തൈറോയിഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ എം.എം. ശശീന്ദ്രനെ രക്ഷിക്കാന്‍ വേണ്ടി സഹപ്രവര്‍ത്തകരില്‍ ചിലര്‍ യുവതിയെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.
നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കണമെന്നും മജിസ്‌ട്രേറ്റിനും പോലീസിനും ആശുപത്രിയധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്നുപറയണമെന്നും ഇവര്‍ അതിജീവിതയെ നിര്‍ബന്ധിച്ചെന്നുമായിരുന്നു പരാതി. ഇതു സംബന്ധിച്ച് യുവതി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.