കോഴിക്കോട് മെഡിക്കൽ കോളജിൽ ദുരിതയാത്ര; ലിഫ്റ്റുകൾ കേടായിട്ട് മാസങ്ങൾ, രോഗികളെ റാമ്പിലൂടെ തള്ളിക്കയറ്റുന്നു

news image
Mar 31, 2026, 11:09 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിൽ. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ (IMCH) വിശ്രമകേന്ദ്രത്തിന്റെ മേൽക്കൂര തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്ത അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. വെയിലും മഴയുമേറ്റ് രാപ്പകൽ കഴിച്ചുകൂട്ടേണ്ടി വരുന്ന അവസ്ഥയിലാണ് ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും കൂട്ടിരിപ്പുകാർ.

വിശ്രമകേന്ദ്രത്തിന്റെ മുകൾഭാഗത്തെ ഷീറ്റുകൾ തകർന്ന നിലയിലാണ്. പിൻഭാഗത്ത് കോൺക്രീറ്റ് തൂൺ നിർമ്മാണത്തിനായി ഷീറ്റുകൾ മാറ്റിയതോടെ മഴ പെയ്താൽ വെള്ളം പൂർണ്ണമായും അകത്തേക്ക് പതിക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നനഞ്ഞു കുതിർന്ന ജനം പായയും സാധനങ്ങളുമായി ആശുപത്രി വരാന്തയിലേക്ക് ഓടി അഭയം തേടുകയായിരുന്നു. അതേസമയം, എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന് മുന്നിൽ പുതിയ ഷെഡ് നിർമ്മിക്കാൻ ടെണ്ടർ നടപടികൾ പൂർത്തിയായെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിർമ്മാണം ആരംഭിക്കുമെന്നും ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. അരുൺ പ്രീത് അറിയിച്ചു.

 

ദുരിതം ഇരട്ടിയാക്കി ലിഫ്റ്റുകൾ പണിമുടക്കുന്നു

മെഡിക്കൽ കോളജ് പ്രധാന ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിലായിട്ട് മാസങ്ങൾ പിന്നിടുന്നു. വാർഡുകളിലേക്കുള്ള പ്രധാന കവാടത്തിന് സമീപത്തെ ഒന്നാം നമ്പർ ലിഫ്റ്റും എട്ടാം വാർഡിന് അടുത്തുള്ള മൂന്നാം നമ്പർ ലിഫ്റ്റുമാണ് കേടായത്. നാല് ലിഫ്റ്റുകളിൽ രണ്ടെണ്ണം പ്രവർത്തിക്കാത്തതോടെ രോഗികളെ മുകളിലത്തെ നിലകളിലേക്ക് എത്തിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെടുകയാണ്. സ്ട്രെച്ചറുകളും വീൽചെയറുകളും റാമ്പിലൂടെ തള്ളിക്കയറ്റിയാണ് നിലവിൽ വാർഡുകളിലേക്ക് രോഗികളെ കൊണ്ടുപോകുന്നത്. ഇടയ്ക്ക് അറ്റകുറ്റപ്പണി നടത്തി ലിഫ്റ്റുകൾ തുറന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും പ്രവർത്തനരഹിതമായി. അടിയന്തരമായി ലിഫ്റ്റുകൾ നന്നാക്കി രോഗികളുടെ ദുരിതം അവസാനിപ്പിക്കണമെന്നാണ് യാത്രക്കാരുടെയും രോഗികളുടെയും ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe