കോഴിക്കോട് വയോജനപ്പാർക്ക് നിർമാണത്തിനിടെ സ്ലാബ് തകർന്നുവീണു; പണി വൈകുന്നതിൽ പ്രതിഷേധം ശക്തം

news image
Jun 9, 2026, 4:08 am GMT+0000 payyolionline.in

കോഴിക്കോട്: പയ്യാനക്കൽ പാമുണ്ഡിവളപ്പിൽ നിർമാണത്തിലിരുന്ന വയോജനപ്പാർക്കിൻ്റെ സ്ലാബുകൾ തകർന്നുവീണു. റോഡിനോട് ചേർന്നുള്ള ചെറുതോടിന് മുകളിലാണ് ഹാർബർ എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ലാബിട്ട് പാർക്ക് ഒരുക്കുന്ന പ്രവൃത്തി നടത്തിവന്നിരുന്നത്. പ്രദേശത്ത് മഴ ശക്തമായതോടെയാണ് നിർമാണത്തിലിരുന്ന ഭാഗം തകർന്നത്. ഒരു ഭാഗത്ത് സ്ലാബ് നിർമാണം പൂർത്തിയായിരുന്നുവെങ്കിലും, മറ്റൊരു വശത്ത് കോൺക്രീറ്റ് ചെയ്യുന്നതിനായി കമ്പികൾ പാകിയിട്ടിരുന്ന ഭാഗമാണ് പെട്ടെന്ന് തകർന്നുവീണത്. പണി നടക്കുന്ന സമയത്തല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. കഴിഞ്ഞ ഒക്ടോബറിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ജനുവരിയിൽ ആരംഭിച്ച പ്രവൃത്തിയാണിത്. നിശ്ചയിച്ച പ്രകാരം ഏപ്രിലിൽ പൂർത്തിയാവേണ്ടതായിരുന്നുവെങ്കിലും നിലവിൽ പണി പ്രാരംഭഘട്ടത്തിൽത്തന്നെയാണെന്ന് നാട്ടുകാർ പറയുന്നു.

​മലിനജലം ഒഴുകുന്ന തോടിനുമുകളിൽ സ്ലാബിട്ടശേഷം മുതിർന്ന പൗരന്മാർക്കായി ഇരിപ്പിടങ്ങൾ കൂടി ഒരുക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ നിലവിൽ ജല്ലിയും മറ്റ് നിർമാണസാമഗ്രികളും റോഡിൽത്തന്നെ കൂട്ടിയിട്ടിരിക്കുന്നത് കാരണം ഇതുവഴി ആളുകൾക്ക് നടന്നുപോകാൻ പോലും പ്രയാസകരമായ സാഹചര്യമാണ്. നിർമാണച്ചുമതലയുള്ള കരാറുകാരൻ പണി മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. അതേസമയം, പ്രവൃത്തി കൃത്യസമയത്ത് ഗുണനിലവാരത്തോടെ പൂർത്തിയാക്കാൻ കരാറുകാരന് കർശന നിർദേശം നൽകിയിരുന്നതായി ഹാർബർ എൻജിനിയറിങ് അധികൃതർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe