കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലെ ‘ബോംബ് ഭീഷണി’ ഒടുവിൽ വിദഗ്ധ സംഘം ‘നിർവീര്യമാക്കി’. വിമാനത്താവളത്തിൽ നടന്ന സുരക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായി ഒരുക്കിയ മോക്ഡ്രിൽ ഏറെ നേരം യാത്രക്കാരെയും മുൾമുനയിലാക്കി. പ്രതിസന്ധി നേരിടൽ സംവിധാനങ്ങളുടെ ഭാഗമായി സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ നിർദേശപ്രകാരമായിരുന്നു മോക്ഡ്രിൽ.
ബോംബ് ഉണ്ടെന്ന ഭീഷണി ലഭിച്ചാൽ തുടർന്ന് എന്തെല്ലാം ചെയ്യാമെന്ന പരിശീലനമാണു നടന്നത്. ആഭ്യന്തര ടെർമിനലിലെ ചെക്ക് ഇൻ ഭാഗത്താണ് ‘ബോംബ്’ കണ്ടെത്തിയത്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തിയ പരിപാടിയിൽ യാത്രക്കാരെ സുരക്ഷിത ഭാഗത്തേക്ക് ഒഴിപ്പിക്കലും ബോംബ് നിർവീര്യമാക്കലും നടന്നു. യഥാർഥ യാത്രക്കാർ ഉൾപ്പെടെ നാനൂറിലധികം പേരാണ് മോക് ഡ്രില്ലിന്റെ ഭാഗമായത്. പല യാത്രക്കാരും അതൊരു പരിശീലന പരിപാടിയാണെന്നു തുടക്കത്തിൽ അറിഞ്ഞതേയില്ല.
എയർപോർട്ട് അതോറിറ്റിക്കു പുറമേ, സിഐഎസ്എഫ്, ബോംബ് സ്ക്വാഡ്, പൊലീസ്, ഫയർ ഫോഴ്സ്, കസ്റ്റംസ്, എമിഗ്രേഷൻ, ഐബി, മെഡിക്കൽ ടീമുകൾ, വിമാനക്കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മോക്ഡ്രിൽ വിജയകരമായി പൂർത്തിയാക്കിയതായി വിലയിരുത്തി. എയർപോർട്ട് സെക്യൂരിറ്റി ഓഫിസർ ശങ്കർ റാവുബൈ റെഡി, ജോയിന്റ് ജനറൽ മാനേജർ സുനിത വർഗീസ് തുടങ്ങിയവർ ഒരുക്കങ്ങളും തുടർ നടപടികളും വിലയിരുത്തി.
