കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പരിശോധന: ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്

news image
Nov 6, 2024, 3:32 am GMT+0000 payyolionline.in

പാലക്കാട്: വനിതാ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. വനിത നേതാക്കൾ ഉൾപ്പെടെ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് അർധ രാത്രി പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കിയിരുന്നു. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്.

നഗരത്തിലെ ഹോട്ടലില്‍ നടന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്ന് എ.എസ്.പി അശ്വതി ജിജി അറിയിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചു.

പരിശോധനക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്. സാധാരണനടക്കുന്ന പതിവ് പരിശോധനയാണിത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

യു.ഡി.എഫ് സ്ഥാനാർഥി രാഹുലിനായി കാറിൽ പണമെത്തിച്ചെന്നായിരുന്നു ആരോപണം. ബിന്ദു കൃഷ്ണയുടെ മുറിയിൽ ആദ്യം പരിശോധന നടത്തിയ പൊലീസ് പിന്നീട് ഷാനിമോൾ ഉസ്മാനെയും സമീപിച്ചു. എന്നാൽ വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ നിലപാട്. തുടർന്ന് വനിതാ പൊലീസിനെ എത്തിച്ചാണ് പരിശോധന നടത്തിയത്. പരിശോധിച്ച മുറികളിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.

സംഭവമറിഞ്ഞ് രാത്രി തന്നെ എംപിമാരായ വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. സിപിഎമ്മും പൊലീസും ചേർന്ന് നടത്തിയ നാടകമാണിതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. ഇതിനിടെ പുറത്ത് സി.പി.എം, ബി.ജെ.പി നേതാക്കൾ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലിൽ സംഘർഷാവസ്ഥയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe