കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർട്ട് തേടി വനിത കമീഷൻ

news image
Nov 18, 2024, 4:56 am GMT+0000 payyolionline.in

തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിലെ കള്ളപ്പണ റെയ്ഡുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി വനിത കമീഷൻ. വനിതകൾ താമസിച്ചിരുന്ന മുറികളിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടാണ് വനിത കമീഷൻ അധ്യക്ഷ പി.സതീദേവി റിപ്പോർട്ട് തേടിയത്. മഹിള കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി.

കെ.പി.എം ഹോട്ടലിലെ പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കോൺഗ്രസ് വനിതാ നേതാക്കൾ പരാതി നൽകിയിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. വനിതാ പൊലീസ് ഇല്ലാതെ മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും നിയമങ്ങൾ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.

നവംബർ അഞ്ചിന് രാത്രി 12 മണിയോടെയാണ് കെ.പി.എം ഹോട്ടലിൽ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടത്തുന്നത്. ആദ്യമായി ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഷാനിമോൾ ഏറെനേരം വാതിൽ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല.

പിന്നീട് വനിതാ പൊലീസ് എത്തി ഐ.ഡി കാർഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe