കോഴിക്കോട്: കോർപറേഷന്റെ വ്യാജ സീൽ ഉപയോഗിച്ച് വീടിന് വ്യാപാര ലൈസൻസ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കൽ ആരംഭിച്ചു. കോട്ടൂളി കോഴഞ്ചീരി മീത്തൽ സന്തോഷ് കുമാറിനെയാണ് (51) ടൗൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതും കോർപറേഷൻ ഓഫിസിലുൾപ്പെടെ തെളിവെടുപ്പിന് എത്തിച്ചതും.
റവന്യൂ ഉദ്യോഗസ്ഥരുടെ വ്യാജസീൽ ഉപയോഗിച്ച് കുതിരവട്ടം വാർഡിലെ സ്ത്രീയുടെ കെട്ടിടത്തിന് ഡി ആൻഡ് ഒ ലൈസൻസ് നേടാൻ ശ്രമിച്ചതായി കോർപറേഷൻ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്.
കോർപറേഷൻ ഓഫിസിൽ എത്തിയ സ്ത്രീയിൽനിന്ന് ഇടനിലക്കാരനെന്ന നിലയിൽ ഇയാൾ 25,000 രൂപ വാങ്ങിയതായി കണ്ടെത്തി. ഗൂഗിൾ പേയായാണ് തുക നൽകിയത്. കോർപറേഷൻ ഓഫിസിൽ സ്ത്രീക്കൊപ്പം എത്തിയ പ്രതി അന്ന് പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജൂലൈ ആറിന് കേസ് പരിഗണിച്ച ഹൈകോടതി രണ്ടാഴ്ചക്കകം നഗരത്തിലെ സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം നൽകി. ഹൈകോടതി നിർദേശിച്ച കാലാവധി കഴിഞ്ഞതിന്റെ പിറ്റേന്ന് സ്റ്റേഷനിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പ്രതിയെ ടൗൺ പൊലീസ് ചൊവ്വാഴ്ച രണ്ട് ദിവസത്തിന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
പണം കൈമാറിയതായി പൊലീസ് കണ്ടെത്തിയെങ്കിലും വ്യാജ സീൽ നശിപ്പിച്ചതായാണ് നിഗമനം. എന്നാൽ, കോർപറേഷൻ ഓഫിസിലെ രേഖകളിൽ ഇയാൾ നൽകിയ സീൽ വ്യാജമെന്ന് പൊലീസ് കണ്ടെത്തി.
കോർപറേഷൻ ജീവനക്കാരുടെ സഹായം പ്രതിക്ക് ലഭിച്ചുവോയെന്നതും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. വ്യാജ സീൽ പതിച്ച് രേഖയുണ്ടാക്കി ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താനുള്ള ശ്രമവും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നുവെങ്കിലും അതിൽ ഇപ്പോൾ അറസ്റ്റിലായ പ്രതിക്ക് ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം.