തൃശ്ശൂർ: സിനിമ വേഗത്തിൽ ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമം ആണെന്നും അക്രമത്തിലും ആ സ്വാധീനം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും നടി റിമ കല്ലിങ്കൽ. തന്നെയടക്കം പണ്ടുകണ്ട ചില സിനിമയിലെ കഥാപാത്രങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്നും റിമ വ്യക്തമാക്കി. 15മത് അന്താരാഷ്ട്ര നാടകോത്സവത്തിൽ മാമാങ്കം ഡാൻസ് സ്കൂളിന്റെ ‘നെയ്ത്ത്’ എന്ന സംഗീത നാടകം അവതരിപ്പിച്ച ശേഷം ‘മാധ്യമ’ത്തോട് സംസാരിക്കുന്നു റിമ കല്ലിങ്കൽ.
സമൂഹത്തിൽ അക്രമവാസന വല്ലാതെ കൂടിയിരിക്കുകയാണ്. ഇതിൽ സിനിമയുടെ സ്വാധീനം ഉറപ്പായും കാണും. സിനിമ വളരെ വേഗത്തിൽ ജനങ്ങളെ സ്വാധീനിക്കുന്ന ഒരു മീഡിയം ആണ്. എന്നെയടക്കം പണ്ടുകണ്ട ചില സിനിമയിലെ കഥാപാത്രങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ആ നിലക്ക് ക്രൈമിലും ആ സ്വാധീനം ഉണ്ടാവാൻ സാധ്യതയുണ്ട്. എല്ലാത്തരം ആർട്ട് ഫോമുകളും ജനങ്ങളെ സ്വാധീനിക്കും. സിനിമ കൂടുതൽ സ്വാധീനിക്കും.
നമ്മുടെ ചിന്തകളെ അടക്കം സിനിമ സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. സിനിമ താരം എന്ന നിലക്ക് കിട്ടുന്ന പ്രിവിലേജ് ഉപയോഗപ്പെടുത്തുന്നതിനാൽ ഇത്തരം കാര്യങ്ങളിലെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. അക്രമവാസനയുമായി ബന്ധപ്പെട്ട ഒരു സിനിമയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളെയും ഇതിനായി നന്നായി വിനിയോഗിക്കുമെന്നും റിമ കല്ലിങ്കൽ വ്യക്തമാക്കി.