തിരുവനന്തപുരം: പാവപ്പെട്ടവർക്കുള്ള 1600 രൂപ ക്ഷേമ പെൻഷൻ വിതരണത്തിൽ വ്യാപക ക്രമക്കേടുകളെന്ന റിപ്പോർട്ടുകൾക്കിടെ, പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായി പരിശോധിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. തദ്ദേശഭരണ വകുപ്പിന്റെ സഹായത്തോടെയാകും പട്ടിക പരിശോധിക്കുക. അനർഹരായ നിരവധി പേർക്ക് പെൻഷൻ കിട്ടുന്നതായാണ് റിപ്പോർട്ട്. വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്താനാണ് തീരുമാനം.
വാർഡ് അടിസ്ഥാനത്തിൽ പട്ടിക പരിശോധിക്കുന്നതോടെ അനർഹരായ ആളുകളെ വേഗത്തിൽ കണ്ടെത്താനാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. നേരത്തെ കോട്ടക്കലിൽ ബി.എം.ഡബ്ല്യു കാറും ആഡംബര വസതിയുമുള്ളവരും പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ധനവകുപ്പ് നടത്തിയ പൊതു പരിശോധനയിലാണ് കണ്ടെത്തൽ. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധന വിഭാഗമാണ് പരിശോധന നടത്തിയത്.
വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്നാണ് കണ്ടെത്തൽ. ഒരാൾ മരണപ്പെട്ടു. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെ സുഖസൗകര്യങ്ങളുമുണ്ട്. ഭാര്യയോ ഭർത്താവോ സർവിസ് പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുവെന്നാണ് മറ്റൊരു കണ്ടെത്തൽ.
പലരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണ്. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗൂഢാലോചനയുമുണ്ടായിട്ടുണ്ടാകാമെന്നാണ് ധന വകുപ്പ് പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്.
വിജിലൻസ് അന്വേഷണം നടത്തും
കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചുനൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്ക് നിർദേശം നൽകിയത്.