കൗമാരക്കാരന്‍റെ ആത്മഹത്യ; ചാറ്റ്ജിപിടിയിൽ കൂടുതൽ നിയന്ത്രണ ടൂളുകള്‍ അവതരിപ്പിച്ച് ഓപ്പൺഎഐ

news image
Sep 30, 2025, 7:21 am GMT+0000 payyolionline.in

കാലിഫോര്‍ണിയ: കുട്ടികൾക്കുള്ള പാരന്‍റൽ കണ്ട്രോൾ നിയന്ത്രണങ്ങൾ, സെൻസിറ്റീവ് ഉള്ളടക്കം തടയൽ, ആത്മഹത്യാ ഭീഷണികൾക്കുള്ള അലേർട്ടുകൾ തുടങ്ങിയവ ഉൾപ്പെടെ ചാറ്റ്‍ജിപിടി ചാറ്റ്ബോട്ടിൽ കാര്യമായ മാറ്റങ്ങൾ വരുത്തി ഓപ്പൺഎഐ. അമേരിക്കയിൽ ഒരു കൗമാരക്കാരന്‍റെ ആത്മഹത്യയ്ക്ക് ശേഷം ചാറ്റ്ജിപിടി വിവാദത്തിൽ കുടുങ്ങിയതിനു പിന്നാലെയാണ് ഈ നീക്കം. ചാറ്റ്‌ബോട്ട് വിശദമായ ആത്മഹത്യാ നിർദ്ദേശങ്ങൾ നൽകിയതിനെത്തുടർന്നാണ് മകൻ ആത്മഹത്യ ചെയ്‌തതെന്ന് ആരോപിച്ച് 16 വയസുള്ള ആൺകുട്ടിയുടെ മാതാപിതാക്കൾ കാലിഫോർണിയ കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു. ചാറ്റ്ജിപിടിയിൽ കുട്ടികൾ എന്താണ് തിരയുന്നതെന്നും ചോദ്യങ്ങൾ ചോദിക്കുന്നതെന്നും മാതാപിതാക്കൾക്ക് നിരീക്ഷിക്കാൻ അനുവദിക്കുന്ന ഫീച്ചറുകളാണ് ഇതിന് പിന്നാലെ ഓപ്പണ്‍എഐ അവതരിപ്പിച്ചത്.

മാതാപിതാക്കൾക്ക് കുട്ടികളുടെ ചാറ്റ്‍ജിപിടി എങ്ങനെ സുരക്ഷിതമാക്കാം?

കൗമാരക്കാരായ കുട്ടികളുടെ ചാറ്റ്‌ജിപിടി അക്കൗണ്ടുകളുമായി മാതാപിതാക്കളുടെ അക്കൗണ്ടുകൾ ഇപ്പോള്‍ ലിങ്ക് ചെയ്യാൻ കഴിയുമെന്ന് ഓപ്പൺഎഐ പ്രസ്‌താവനയില്‍ പറയുന്നു. അക്കൗണ്ടുകൾ ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ, കുട്ടികൾ ചാറ്റ്‍ജിപിടി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മാതാപിതാക്കൾക്ക് നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. സെൻസിറ്റീവ് ഉള്ളടക്കം മുമ്പത്തേക്കാൾ കുറവായിട്ടായിരിക്കും ദൃശ്യമാകുക എന്നും ഓപ്പണ്‍എഐ അവകാശപ്പെടുന്നു.

സെൻസിറ്റീവ് ചാറ്റുകളിൽ മനുഷ്യ നിരീക്ഷണം

ചാറ്റ്‍ജിപിടിയിൽ ഒരു കൗമാരക്കാരൻ ആത്മഹത്യാ സന്ദേശം അല്ലെങ്കിൽ സ്വയം ഉപദ്രവിക്കൽ സന്ദേശം പോസ്റ്റ് ചെയ്താൽ, മാനുഷിക മോഡറേറ്റർമാർ ആദ്യം ഈ ചാറ്റ് അവലോകനം ചെയ്യും. സാഹചര്യം ഗുരുതരമാണെന്ന് തോന്നുകയാണെങ്കിൽ ഇമെയിൽ, എസ്എംഎസ് അല്ലെങ്കിൽ ആപ്പ് വഴി മാതാപിതാക്കളെ വിവരം അറിയിക്കും.

കണ്ടന്‍റ് ഫിൽട്ടറുകളും സുരക്ഷാ മോഡും

മാതാപിതാക്കളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന കൗമാരക്കാരുടെ അക്കൗണ്ടുകളിൽ, ഗ്രാഫിക് ഉള്ളടക്കം, വൈറൽ വെല്ലുവിളികൾ, ലൈംഗികമോ അക്രമപരമോ ആയ കണ്ടന്‍റ് തുടങ്ങിയവ പോലുള്ള ഉള്ളടക്കം തടയൽ ഉൾപ്പെടെയുള്ള അധിക സുരക്ഷാ സവിശേഷതകൾ ഓട്ടോമാറ്റിക്കായി ആക്‌ടീവായിരിക്കും.

രക്ഷാകർതൃ നിയന്ത്രണങ്ങൾക്കുള്ള പുതിയ ഓപ്ഷനുകൾ

കുട്ടികളുടെ ചാറ്റ്‍ജിപിടി ഉപയോഗത്തിൽ ഇപ്പോൾ രക്ഷിതാക്കൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയും. ചാറ്റിംഗിനുള്ള സമയ പരിധികൾ നിശ്ചയിക്കുക (ഉദാ. രാത്രി 8 മുതൽ രാവിലെ 10 വരെ ബ്ലോക്ക് ചെയ്യുക), എഐ പരിശീലനത്തിൽ നിന്ന് കുട്ടികളുടെ ഡാറ്റ ഒഴിവാക്കുക, വോയ്‌സ് മോഡും ഇമേജ് ജനറേഷനും ഓഫാക്കുക, ചാറ്റ് ബോട്ടിന്‍റെ സേവ് ചെയ്‌ത മെമ്മറി പ്രവർത്തനരഹിതമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സ്വകാര്യതയുടെ സന്തുലിതാവസ്ഥ

അതേസമയം, കുട്ടിയുടെ ചാറ്റിന്‍റെ മുഴുവൻ ഉള്ളടക്കവും അലേർട്ടുകൾ പങ്കിടില്ലെന്ന് ഓപ്പൺഎഐ പറയുന്നു. അതായത് കുട്ടി ആത്മഹത്യയെക്കുറിച്ചോ സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചോ സംസാരിക്കുന്നു എന്ന് മാത്രമേ രക്ഷിതാക്കളെ അറിയിക്കുകയുള്ളൂ. മാതാപിതാക്കൾക്ക് വിദഗ്‌ധരിൽ നിന്ന് ടിപ്‍സുകളും ലഭിക്കും.

ഈ ഘട്ടങ്ങൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

കൗമാരക്കാരനായ മകനെ ചാറ്റ്ബോട്ട് ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് ആരോപിച്ച് ഒരു കുട്ടിയുടെ മാതാപിതാക്കൾ ചാറ്റ്ജിപിടിക്കെതിരെ കേസെടുത്തതിനെ തുടർന്നാണ് ഈ മാറ്റങ്ങൾ. സുരക്ഷയും സ്വകാര്യതയും സന്തുലിതമാക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് ഓപ്പൺഎഐ പറയുന്നു. എഐ കമ്പനികൾക്കിടയിലെ മത്സരത്തിനിടെ കൗമാരക്കാരെ സംരക്ഷിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ഓപ്പൺഎഐയുടെ ഈ പുതിയ നീക്കം ഭാവിയിൽ സമാനമായ സുരക്ഷാ ടൂളുകൾ സ്വീകരിക്കാൻ മറ്റ് കമ്പനികൾക്ക് പ്രചോദനമാകുമെന്ന് ടെക് വിദഗ്‌ധ പറയുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe