ഗസ്സ സിറ്റി: ഗസ്സ നഗരത്തിൽ പൂർണ അധിനിവേശത്തിന് മുന്നോടിയായി ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. ചൊവ്വാഴ്ച രാവിലെയാണ് സൈന്യത്തിെന്റ മുന്നറിയിപ്പുണ്ടായത്. അറിയിപ്പിന് പിന്നാലെ വടക്കൻ ഗസ്സയിൽനിന്ന് തെക്കൻ ഗസ്സയിലേക്ക് പോകുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആളുകൾക്ക് പുറമേ, അവശ്യ വസ്തുക്കളും കയറ്റിയാണ് വാഹനങ്ങളുടെ സഞ്ചാരം. ഗസ്സ നഗരത്തിലെ വൻ കെട്ടിട സമുച്ചയങ്ങൾ ഇസ്രായേൽ സൈന്യം തകർക്കുന്നതിനിടെയാണ് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും വ്യാപക കുടിയൊഴിപ്പിക്കലാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.
ഗസ്സയിൽ 30 വൻ കെട്ടിടങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഹമാസ് സൈനികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതാണ് ഈ കെട്ടിടങ്ങളെന്ന് അദ്ദേഹം ആരോപിച്ചു.
ഗസ്സ നഗരത്തിലും പരിസരങ്ങളിലുമായി 10 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. ഗസ്സയിലെ മൊത്തം ജനസംഖ്യയായ 21 ലക്ഷത്തിൽ പാതിയും ഇവിടെയാണുള്ളത്. ആഗസ്റ്റ് 14ന് സൈനിക നടപടി തുടങ്ങിയതിന് പിന്നാലെ 97,000 പേർ ഭവനരഹിതരായതായി ജീവകാരുണ്യ സംഘടനകൾ പറയുന്നു.
അതേസമയം, ഗസ്സ നഗരത്തിൽ നിന്നുള്ള ഒഴിഞ്ഞുപോക്ക് പ്രായോഗികമല്ലെന്ന് യു.എൻ ജീവകാരുണ്യ സംഘടന അഭിപ്രായപ്പെട്ടു. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും തെക്കൻ ഗസ്സയിലേക്ക് പോകാൻ 1000 ഡോളറിലധികം ചെലവ് വരുമെന്നതുമാണ് പ്രധാന വെല്ലുവിളി.
അതിനിടെ, 24 മണിക്കൂറിനിടെ പോഷകാഹാരക്കുറവ് കാരണം ആറ് ഫലസ്തീനികൾ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, പോഷകാഹാരക്കുറവ് കാരണം കഴിഞ്ഞ ജൂൺ മുതൽ മരിച്ചവരുടെ എണ്ണം 259 ആയി