ഗാസയിൽ സമാധാനം ലക്ഷ്യം: ഇസ്രയേലും ഹമാസും തമ്മിൽ ചർച്ചകൾക്ക് തുടക്കം; ആദ്യഘട്ട സമയവായ ചർച്ചകൾ ഈജിപ്‌തിൽ പുരോഗമിക്കുന്നു

news image
Oct 7, 2025, 1:40 am GMT+0000 payyolionline.in

ദില്ലി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ അന്തിമ ധാരണയിലെത്താൻ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചർച്ച തുടങ്ങി. ഈജിപ്ഷ്യൻ നഗരമായ ഷാം എൽ-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചർച്ച തുടങ്ങിയത്. പലസ്തീൻ തടവുകാരെ മോചിപ്പിച്ച് എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ശ്രമമാണ് ചർച്ചയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സമാധാന പദ്ധതിയോട് ഹമാസ് അനുകൂലിക്കുന്നുവെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും ഇവർ അംഗീകരിച്ചിട്ടില്ല.

 

ഇസ്രായേൽ, ഹമാസ് പ്രതിനിധികളുമായി മധ്യസ്ഥ ചർച്ചകളാണ് നടക്കുന്നത്. ഇരുവിഭാഗത്ത് നിന്നുമുള്ള പ്രതിനിധികളുമായി ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥർ വെവ്വേറെ യോഗങ്ങൾ നടത്തുന്നുവെന്നാണ് വിവരം. 2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും നിർണായകമായ ചർച്ചകളിൽ ഒന്നായിരിക്കും ഇതെന്നാണ് പ്രതീക്ഷ. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നർ, ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി എന്നിവർ ചർച്ചകളുടെ ഭാഗമാണെന്നും വിവരമുണ്ട്.

തെക്കൻ ഇസ്രായേലിൽ 2023 ഒക്ടോബർ 7 ന് ഹമാസ് നയിച്ച ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ തലേന്നാണ് സമാധാന ചർച്ചകൾ തുടങ്ങുന്നത്. ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്. ഇതേ തുടർന്ന് ഗാസയിൽ 67,160 പേർ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ കണക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe