ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ

news image
Jan 23, 2026, 9:07 am GMT+0000 payyolionline.in

തൃശ്ശൂർ: രണ്ടാഴ്ചയായി ഗുരുവായൂര്‍ മേഖലയിലെ ജനങ്ങളുടെ  ഉറക്കം കെടുത്തിയ കള്ളന്മാര്‍  പിടിയിലായി. വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി സതീഷ് എന്ന റഫീഖ് ഉള്‍പ്പടെ മൂന്നുപേരാണ് പിടിയിലായത്. ഗുരുവായൂര്‍ കോട്ടപ്പടിയിലും തൊഴിയൂരിലും കടകളും അടഞ്ഞു കിടന്നിരുന്ന വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ മൂന്നംഗ സംഘത്തെയാണ് കമ്മീഷണറുടെയും ഗുരുവായൂര്‍ എസിപിയുടെയും സ്ക്വാഡും ഗുരുവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

കൊട്ടാരക്കര സ്വദേശിയും കേരളത്തിലെ വിവിധ ജില്ലകളില്‍ 25 മോഷണ കേസുകളിലെ പ്രതിയുമായ റഫീഖ് എന്നുവിളിക്കുന്ന സതീഷ്, സഹായികളായ ഗുരുവായൂര്‍, ചാവക്കാട് സ്വദേശികളായ അനില്‍, ശ്രീക്കുട്ടന്‍ എന്നിവരെയാണ് പിടികൂടിയത്. മോഷണ, പിടിച്ചുപറിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരിക്കുമ്പോഴായിരുന്നു മൂന്നുപേരും പരിചയപ്പെട്ടത്. ആളില്ലാ വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തുന്നതില്‍ വിദഗ്ധനായ റഫീഖിനെ അനിലും ശ്രീക്കുട്ടനും ചേര്‍ന്നാണ് ഗുരുവായൂരെത്തിക്കുന്നത്. സന്ധ്യാ സമയത്ത് വീടിന്‍റെ വളപ്പില്‍ ഒളിച്ചിരുന്നശേഷം രാത്രിയാവുമ്പോഴേക്കും വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി. കോട്ടപ്പടി വലിയപുരയിലെ വീട്ടില്‍ മോഷണ ശ്രമവും തൊഴിയൂരിലെ കടകളിലും സ്കൂളിലും മോഷണം നടത്തിയതും ഈ സംഘമായിരുന്നു.

പണവും ആഭരണങ്ങളും മോഷ്ടിക്കുന്നതോടൊപ്പം സിസിടിവും ഡിവിആറും റഫീഫ് കവര്‍ന്നിട്ടുണ്ട്. പിന്നാലെ ആലത്തൂരും ഒറ്റപ്പാലത്തും മോഷണം നടത്തി. സമാന കുറ്റകൃത്യങ്ങള്‍ നടത്തിയവരെ കേന്ദ്രീകരിച്ചു നടത്തിയ വിവര ശേഖരണവും സിസിടിവി ദൃശ്യങ്ങളുമാണ് റഫീഖിനെ കുടുക്കിയത്. അതിനിടെ ഗുരുവായൂരില്‍ റഫീഖ് തങ്ങിയ ഹോട്ടലില്‍ നിന്ന് ഇയാളുടെ ഫോണ്‍ നമ്പരും പൊലീസിന് കിട്ടി. ഫോണ്‍ നമ്പര്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രാദേശിക സഹായികളെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe