ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ആരംഭിച്ചു; മണിക്കൂറിൽ 300 ഭക്തർക്ക് ദർശനം നടത്താം

news image
Aug 4, 2026, 7:08 am GMT+0000 payyolionline.in

തൃശൂർ: ഗുരുവായൂരിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം ആരംഭിച്ചു. ഭക്തർക്ക് കൂടുതൽ സുഖമമായി ദർശനം സാധ്യമാക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെർച്വൽ ക്യൂ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. അദ്യഘട്ടം മണിക്കൂറിൽ 300 ഭക്തർക്കാണ് ഓൺലൈൻ വഴി ദർശനം ഒരുക്കുന്നത്. ചൊവ്വ, വ്യാഴം ദിനങ്ങളിൽ ആണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വെർച്വൽ ക്യൂ ദർശനം.

ദിവസവും എട്ട് മണിക്കൂറാണ് ദർശനം ഉണ്ടാകുക. അത്തരത്തിൽ പ്രതിദിനം 2400 എന്ന നിലയിലാണ് വെർച്വൽ ക്യൂ പ്രവേശനം. പദ്ധതി നടപ്പിലാകുന്നതിലൂടെ ദർശനത്തിന് ഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുമെന്നാണ് കരുതുന്നത്. ക്ഷേത്രത്തിൽ മണിക്കൂറുകളോളം ഭക്തർക്ക് ദർശനത്തിനായി ക്യൂ നിൽക്കേണ്ടി വരുന്ന പ്രതിസന്ധി ഇതിലൂടെ ഒഴിവാക്കാൻ ആകും എന്നാണ് കരുതുന്നത്.

ഓൺലൈൻ വഴി ബുക്ക് ചെയ്താൽ ദർശനത്തിന് അനുവദിച്ചിരിക്കുന്ന സമയം ക്ഷേത്രത്തിൽ എത്തിയാൽ മതിയാകും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. പദ്ധതി വിജയം കാണുന്ന മുറയ്ക്ക് എല്ലാ ദിവസവും വെർച്വൽ ക്യൂ ദർശനം സാധ്യമാക്കാനാണ് ഗുരൂവായൂർ ദേവസ്വം ലക്ഷ്യമിടുന്നത്. ഓണം അടക്കം വരാനിരിക്കുന്ന ദിവസങ്ങളിൽ ഭക്തർക്ക് വലിയ നിലയിൽ പദ്ധതി ഉപകാരപ്രദമാകും എന്നാണ് കരുതുന്നതെന്നും ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe