‘ഗൂഗ്‌ൾ മാപ്പ്’ സെറ്റ് ചെയ്യുമ്പോൾ ഓഡിയോ ഓൺ ചെയ്യാൻ മറക്കല്ലേ; മുന്നറിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്

news image
Sep 20, 2025, 9:44 am GMT+0000 payyolionline.in

കൊച്ചി: ഗൂഗ്‌ൾ മാപ്പ് ഉപയോഗിക്കുമ്പോൾ മിക്ക ഡ്രൈവർമാരും ഓഡിയോ ഓഫ് ചെയ്യുന്ന പ്രവണത വർധിച്ചുവരികയാണ്. ഇത് ഡ്രൈവിങ് കൂടുതൽ സങ്കീർണമാക്കും എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. സ്‌ക്രീനിൽ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകൾ, ട്രാഫിക് അലർട്ടുകൾ എന്നിവ പോലുള്ള നിർണായക വിവരങ്ങൾ ലഭ്യമാകുന്നതിനാൽ ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വോയ്‌സ് നാവിഗേഷൻ അനുവദിക്കുന്നു. അതിനാൽ വാഹനം ഓടിക്കുന്നത് കൂടുതൽ എളുപ്പമാവുകയും യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ദീർഘദൂര യാത്രകൾക്കും യാത്ര വേളയിൽ ശരിയായ ലക്ഷ്യസ്ഥാനത്തേക്ക് യാത്രക്കർക്ക് എത്താനും വേണ്ടിയാണ് നാവിഗേഷൻ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് കൂടാതെ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വേഗതയേറിയ വഴികൾക്കായുള്ള നിർദ്ദേശങ്ങളും നിങ്ങൾക്ക് സമയബന്ധിതമായി ലഭിക്കുന്നതുകൊണ്ട് കൂടുതൽ കാര്യക്ഷമമായി നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നു.

ശരിയായി മൗണ്ട് ചെയ്യാത്ത ഡിവൈസുകളിലെ മാപ്പ് നിരന്തരം പരിശോധിക്കുന്നതിന് നിങ്ങളുടെ കൈകൾ പലപ്പോഴും സ്റ്റിയറിങ് വീലിൽ നിന്ന് എടുക്കേണ്ടി വരുന്നു. നാവിഗേഷൻ ആപിലെ ഓഡിയോ സന്ദേശങ്ങളെ ആശ്രയിക്കുന്നത് വഴി ഇത് കുറക്കാൻ സാധിക്കും. നാവിഗേഷൻ ഡിവൈസുകൾ റോഡിലെ കാഴ്ചകൾ മറയാതെയും ശ്രദ്ധമാറാതെയും വീക്ഷിക്കാവുന്ന തരത്തിൽ തന്നെ മൗണ്ട് ചെയ്യുക.

അപരിചിതമായതോ സങ്കീർണ്ണമായതോ ആയ റോഡ് നെറ്റ്‌വർക്കുകളിൽ, ശരിയായ തിരിവുകൾ നടത്തുന്നതിന് ശബ്ദ സന്ദേശങ്ങളായി ദിശകളും ലെയ്ൻ മാർഗ്ഗനിർദ്ദേശവും ലഭ്യമാക്കുന്നത് ശ്രദ്ധയോടെ വഴി തെറ്റാതെ വാഹനം ഓടിക്കുന്നതിന് വളരെ സഹായകമാണ്. അതിനാൽ നാവിഗേഷൻ ആപ്പിലെ ശബ്ദം ഓഫ് ചെയ്യാതെ ഉപയോഗിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe