കോഴിക്കോട്: ഗാന്ധി ഘാതകനായ ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട എൻ.ഐ.ടി അധ്യാപികക്കെതിരെ കേസ്. പ്രഫസർ ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. എസ്.എഫ്.ഐ ഏരിയ കമിറ്റി അംഗം ആർ.അശ്വിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐ.പി.സി 153(കലാപം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപനം) വകുപ്പ് പ്രകാരമാണ് കേസ്.
നേരത്തെ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദും നടക്കാവ് പൊലീസ് സ്റ്റേഷനിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് സൂരജും കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് ഡി.വൈ.എഫ്.ഐയും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.
ഗാന്ധി ഘാതകൾ നാഥൂറാം വിനായക് ഗോഡ്സെ ഭാരതത്തിൽ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്നയാൾ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് എൻ.ഐ.ടി പ്രഫസർ കമന്റിട്ടത്. പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ എന്ന കമന്റായിരുന്നു ഷൈജ ഇട്ടത്. ഇത് വിവാദമായതിനെ തുടർന്ന് ഷൈജ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.