കണ്ണൂര്‍: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽനിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വ്യാഴാഴ്ച വിശദാന്വേഷണം ആരംഭിക്കും. കഴിഞ്ഞ ജൂലൈ 25ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം കണ്ണൂര്‍ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ഗോവിന്ദച്ചാമിയെ പിടികൂടിയിരുന്നു. തുടരന്വേഷണം നടക്കുന്നതിനിടെ രണ്ടാഴ്ച മുമ്പാണ് ഡി.ജി.പി കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിറക്കിയത്. തുടർന്നാണ് കേസ് രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണന് നായര്‍ക്ക് കൈമാറിയത്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഫയലുകളുടെ പ്രാഥമിക പരിശോധന നടത്തി.
ആദ്യഘട്ടമെന്ന നിലയില്‍ ഗോവിന്ദച്ചാമിയെ ചോദ്യംചെയ്യാന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. നിലവില്‍ വിയ്യൂര്‍ ജയിലിലാണ് ഗോവിന്ദച്ചാമിയുള്ളത്. ആദ്യം ജയിലിനകത്തുവെച്ചാണ് ചോദ്യംചെയ്യുക. ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങാനും അപേക്ഷ നല്‍കും. ജയില്‍ ഉദ്യോഗസ്ഥര്‍, മറ്റ് തടവുകാര്‍ എന്നിവരെയും ചോദ്യംചെയ്യും.
ശിക്ഷാതടവുകാരനായ പ്രതി ജയിൽചട്ടങ്ങൾ ലംഘിച്ച് സംരക്ഷണവലയം ഭേദിച്ച് ചാടിയെന്ന കുറ്റമാണ് ഗോവിന്ദച്ചാമിക്കെതിരെ നിലവിൽ ചുമത്തിയിട്ടുള്ളത്. സെല്ലിന്റെ ഇരുമ്പഴികൾ മുറിച്ചത്, മറ്റാരുടെയെങ്കിലും സഹായമുണ്ടായോ, പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായോ തുടങ്ങിയവ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
2011 ഫെബ്രുവരി ഒന്നിനാണ് ടെക്സ്റ്റയില്‍ ജീവനക്കാരിയായ സൗമ്യയെ എറണാകുളം-ഷൊർണൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിത കമ്പാര്‍ട്ട്മെന്റില്‍ ഗോവിന്ദച്ചാമി ക്രൂരമായി ആക്രമിച്ചത്. ട്രെയിനിന് പുറത്തുവെച്ചും അതിക്രമം തുടര്‍ന്നു. ഗുരുതര പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിനാണ് മരിച്ചത്. ഈ കേസില്‍ ഗോവിന്ദച്ചാമിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ജീവപര്യന്തമായി കുറച്ചു. തുടര്‍ന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നത്.