ന്യൂഡൽഹി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്.
ഫ്ലാഗ് ഓഫ് ചടങ്ങിനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ട് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, മന്ത്രി ഒഡീഷ ട്രെയിൻ അപകടസ്ഥലത്തേയ്ക്ക് പോയിരിക്കുകയാണ്.
മരണസംഖ്യ ഉയരുന്നു
ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 280 ആയി ഉയർന്നതായി റിപ്പോർട്ട്. 1000ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ ബാലസോർ മെഡിക്കൽ കോളജ് അടക്കം സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കുടുങ്ങിക്കിടക്കുന്ന കോച്ചുകൾക്കടിയിൽ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം രാവിലെയും പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകരെ സഹായിക്കാൻ പ്രദേശവാസികളും രംഗത്തുണ്ട്. പ്രദേശത്തെയും സമീപ ജില്ലകളിലെയും ആശുപത്രികളിൽ അടിയന്തര ചികിത്സക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി രാത്രി ഏഴ് മണിയോടെ ബഹാനഗർ ബസാർ സ്റ്റേഷനിലാണ് അപകടമുണ്ടായത്. 12864-ാം നമ്പർ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. ഈ ട്രെയിനിന്റെ കോച്ചുകളിലേക്ക് കൊൽക്കത്തയിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന 12841 നമ്പർ കോറമാണ്ഡൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
തുടർന്ന് കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളും പാളം തെറ്റി. ഈ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലുണ്ടായിരുന്ന ചരക്ക് വണ്ടിയിൽ ഇടിക്കുകയായിരുന്നു. കോറമാണ്ഡൽ എക്സ്പ്രസ് ആദ്യം പാളം തെറ്റിയെന്നായിരുന്നു പ്രാഥമികമായി പുറത്തുവന്ന വിവരം.