പയ്യോളി : മൂടാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് വേനൽച്ചൂടിൽ ആശ്വാസമേകാൻ മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹീറ്റ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ‘ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ലാനി’ന്റെ ഭാഗമായാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ഹീറ്റ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കടുത്ത വേനലിനെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്ക് അടിയന്തര പരിചരണവും ചികിത്സയും ലഭ്യമാക്കുക എന്നതാണ് ഹീറ്റ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. ഈ വേനൽക്കാലത്ത് ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. രജ്ഞിമ എൻ. മോഹൻ സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ ഭവാനി എ.വി, കെ. സത്യൻ, പഞ്ചായത്ത് അംഗങ്ങളായ പപ്പൻ മൂടാടി, ഒ. രഘുനാഥ്, രമ്യ സുർജിത്, ബീന ഗിരീഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
