ചാന്ദ്രസ്‌പർശം ഇന്ന്‌ ; ചാന്ദ്രയാൻ 3 സോഫ്‌റ്റ്‌ലാൻഡിങ്‌ വൈകിട്ട്‌ 6.04ന്‌

news image
Aug 23, 2023, 1:58 am GMT+0000 payyolionline.in

തിരുവനന്തപുരം:  ധ്രുവരഹസ്യങ്ങൾ തേടി ചാന്ദ്രയാൻ 3 ബുധൻ വൈകിട്ട്‌ 6.04ന്‌ ചന്ദ്രനിൽ സോഫ്‌റ്റ്‌ലാൻഡ്‌ ചെയ്യും. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗർത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ്‌ ലാൻഡിങ്‌. വൈകിട്ട്‌ 5.47 മുതൽ ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിക്കും. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തേക്ക്‌ എത്തുമ്പോഴായിരിക്കുമിത്‌. രണ്ടു ദ്രവ എൻജിൻ 11 മിനിറ്റ് തുടർച്ചയായി ജ്വലിപ്പിച്ചാകും റഫ്‌ ബ്രേക്കിങ്‌ ഘട്ടം പൂർത്തീകരിക്കുക. ഇതോടെ അതിവേഗം നിയന്ത്രണവിധേയമായി പേടകം 6–-7 കിലോമീറ്റർ അടുത്തെത്തും. തുടർന്ന്‌ മൂന്നു മിനിറ്റുള്ള ഫൈൻ ബ്രേക്കിങ്‌ ഘട്ടത്തിനൊടുവിൽ  ചരിഞ്ഞെത്തുന്ന പേടകത്തെ കുത്തനെയാക്കും. 800 മീറ്റർ മുകളിൽനിന്ന്‌ അവസാനവട്ട നിരീക്ഷണം നടത്തി ലാൻഡർ നിശ്ചിത സ്ഥലത്തേക്ക്‌ സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ നീങ്ങും. സെൻസറുകളുടെയും കാമറകളുടെയും സഹായത്താൽ അപകടം തിരിച്ചറിഞ്ഞ്‌ മറ്റൊരു സ്ഥലത്ത്‌ ഇറങ്ങാനുമാകും.

സോഫ്‌റ്റ്‌ ലാൻഡിങ്ങിനുള്ള ജ്വലനംമുതലുള്ള 20 മിനിറ്റ്‌ അത്യന്തം ‘ഉദ്വേഗജനക’മായിരിക്കും. എന്തും സംഭവിക്കാവുന്ന അവസ്ഥ. പൂർണമായും സ്വയംനിയന്ത്രിത സംവിധാനത്തിലാകും ഈ സമയം പേടകം പ്രവർത്തിക്കുക. നേരത്തേ പേടകത്തിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌ത കമാൻഡുകളും മറ്റു മാർഗനിർദേശങ്ങളും  അടിസ്ഥാനമാക്കിയാകുമിത്‌. ലാൻഡിങ്ങിന്‌ നാലു മണിക്കൂർമുമ്പുവരെ അപ്‌ലോഡിങ്‌ തുടരും. പൊടിപടലം ഉയരുന്നത്‌ പേടകത്തെ ബാധിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്‌. ഭൂഗുരുത്വാകർഷണത്തിലെ സങ്കീർണതയും ഗൗരവമായി കാണുന്നുണ്ട്‌. ദൗത്യം വിജയിക്കുമെന്ന്‌ ആത്മവിശ്വാസമുണ്ടെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ പറഞ്ഞു. സോഫ്‌റ്റ്‌ ലാൻഡിങ്ങിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായിട്ടുണ്ട്‌. ലാൻഡർ, റോവർ എന്നിവയിലെ ഉപകരണങ്ങളും സോഫ്‌റ്റ്‌വെയർ സംവിധാനങ്ങളുമെല്ലാം സുസജ്ജമാണ്‌–- സോമനാഥ്‌ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe