ബംഗളൂരു: മൈസൂരു ചാമുണ്ഡി മലനിരകളിലെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സ്വർണരഥം നിർമിക്കുന്നതിന് നിർദേശം സമർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂ-മുസ്രയ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് എം.എൽ.സി ദിനേശ് ഗൂലി ഗൗഡയുടെ അഭ്യർഥനയെ തുടർന്നാണ് നിർദേശം. താൻ മുഖ്യമന്ത്രിയെ കണ്ട് ക്ഷേത്രത്തിനായുള്ള സ്വർണ രഥത്തെക്കുറിച്ച് നിവേദനം സമർപ്പിച്ചതായി ഗൂലി ഗൗഡ പ്രസ്താവനയിൽ പറഞ്ഞു. ക്ഷേത്രത്തിന് ഒരു സ്വർണരഥം നൽകണമെന്നും രഥം നിർമിക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നും താൻ അഭ്യർഥിച്ചിരുന്നു. രഥം നിർമിക്കുന്നതിനാവശ്യമായ ചെലവ് കണക്കാക്കി സർക്കാർ നിർദേശം തയാറാക്കണം. അതിനുള്ള സംഭാവനകൾക്കായി ക്ഷേത്രത്തിൽ വഴിപാട് പെട്ടി സൂക്ഷിക്കാം. കൂടാതെ, ഭക്തർക്ക് പണവും സ്വർണവും ഹുണ്ടികയിലേക്ക് സംഭാവന ചെയ്യാവുന്നതുമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
1982ൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽനിന്നുള്ള ഭക്തർ നിർമിച്ചതാണ് ക്ഷേത്രത്തിലെ ഇപ്പോഴത്തെ തടി രഥമെന്ന് എം.എൽ.സി പറഞ്ഞു. കാലപ്പഴക്കത്തിൽ രഥം ദുർബലമാവുന്നുണ്ട്.