മൊബൈൽ ചാർജറുകൾ അമിതമായി ചൂടാകുന്നത് നിസാരമായി കാണേണ്ട ഒന്നല്ല. ഗുരുതരമായ അപകടങ്ങൾക്ക് അത് കാരണമായേക്കും. വിപണിയിൽ നിലവാരമില്ലാത്ത വ്യാജ ചാർജറുകളുടെ വ്യാപനം ഉപകരണങ്ങൾ കേടാക്കുമെന്ന് മാത്രമല്ല, തീപിടുത്തം വൈദ്യുതാഘാതം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ചാർജറുകളുടെ ആധികാരികത കണ്ടെത്തുക ഉപഭോക്താക്കളെ കുഴക്കുന്ന പ്രശ്നമാണ്.
വിപണിയിലെത്തുന്ന ചാർജറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഗവൺമെന്റ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി ബി.ഐ.എസ് പുറത്തിറക്കിയ ആപ്ലിക്കേഷനാണ് ബി.ഐ.എസ് കെയർ. മൊബൈൽ ചാർജറുകൾ, പവർ ബാങ്കുകൾ, എൽ.ഇ.ഡി ബൾബുകൾ, ഹോം അപ്ലയൻസ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വ്യാജനാണോ എന്ന് ഈ ആപ്പിക്കേഷൻ പറഞ്ഞ് തരും. ഉൽപ്പന്നത്തിന്റെ ഐ.എസ്.ഐ മാർക്ക് അല്ലെങ്കിൽ ആർ നമ്പർ നൽകിയാൽ ഉടൻ തന്നെ അത് വിശകലനം ചെയ്ത് ഉൽപ്പന്നത്തിന്റെ ആധികാരികതയും അവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമിച്ചവ ആണോ എന്നും അറിയാം.
ആപ്ലിക്കേഷന്റെ പ്രാധാന്യം
- വ്യാജ ചാർജറുകൾ നിസാരക്കാരല്ല. അമിതമായി ചൂടാകുന്ന ഇവ ഷോർട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകും.
- ഫോൺ ബാറ്ററികൾ കേടാകും
- വൈദ്യുതാഘാതം ഏൽക്കാൻ സാധ്യതയുണ്ട്.
എങ്ങനെ ആപ്ലിക്കേഷൻ ഉപയോഗിക്കാം
- ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ബി.ഐ.എസ് കെയർ ആപ്പ് ഡൗൺ ലോഡ് ചെയ്യാം.
- ചാർജറിൽ രേഖപ്പെടുത്തിയിട്ടുള്ള ഐ.എസ്.ഐ അല്ലെങ്കിൽ ആർ മ്പർ നൽകി വെരിഫൈ ചെയ്യുക
- തുടർന്ന് ആപ്ലിക്കേഷൻ ചാർജർ വ്യാജമാണോ എന്ന് ഒർജിനാലാണോ എന്ന് പറയും.
ഇനി വ്യാജമാണെന്ന് കണ്ടാൽ അപ്പോൾ തന്നെ ആപ്ലിക്കേഷൻ വഴി പരാതി രജിസ്റ്റർ ചെയ്യാനും കഴിയും. രജിസ്റ്റർ ചെയ്ത പരാതി ആപ്ലിക്കേഷൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഉപഭോക്തൃ കോടതിക്ക് കൈമാറും.
