ചെന്നൈയുടെ തോല്‍വികള്‍ തുടരുന്നു; ചെപ്പോക്കില്‍ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം

news image
Apr 26, 2025, 1:52 am GMT+0000 payyolionline.in

ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 155 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്. ഹൈദരാബാദിന്റെ സീസണിലെ മൂന്നാം ജയമാണിത്. ചെന്നൈയുടെ ഏഴാം തോല്‍വിയും. 44 റണ്‍സെടുത്ത ഇഷാൻ കിഷാനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.155 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് പ്രതീക്ഷിച്ച തുടക്കം നല്‍കാൻ ഓപ്പണര്‍മാര്‍ക്കായില്ല. രണ്ടാം പന്തില്‍ തന്നെ അഭിഷേക് ശ‍ര്‍മയെ (0) ഖലീല്‍ മടക്കി. പവര്‍പ്ലേ ഓവറുകളില്‍ ചെന്നൈ പിടിമുറുക്കിയതോടെ ഹൈദരാബാദിന് സ്കോറിങ് വേഗതയിലാക്കാനായില്ല. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനേയും ചെന്നൈ മടക്കി. അൻഷുല്‍ കാമ്പോജിന്റെ പന്ത് ഹെഡിന്റെ (19) ബെയില്‍സ് തെറിപ്പിച്ചു.

ഇഷാൻ കിഷൻ ഒരു വശത്ത് നിലയുറപ്പിച്ചെങ്കിലും നാലാമനായി എത്തിയ ഹെൻറിച്ച് ക്ലാസൻ കൂറ്റനടിക്ക് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. ജഡേജയുടെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കി മടങ്ങിയ ക്ലാസന് കേവലം ഏഴ് റണ്‍സ് മാത്രമാണ് നേടാനായത്. പിന്നീട് ക്രീസിലെത്തിയ അനികേത് വര്‍മയെ കൂട്ടുപിടിച്ചായിരുന്നു ഇഷാൻ ഇന്നിങ്സ് നയിച്ചത്.  ഇടവേളകളില്‍ ബൗണ്ടറി നേടി ഹൈദരാബാദിനെ മത്സരത്തില്‍ നിലനിര്‍ത്താൻ ഇഷാനായിരുന്നു.

36 റണ്‍സ് നീണ്ട കൂട്ടുകെട്ട് നൂ‍ര്‍ അഹമ്മദിലൂടെ ചെന്നൈ പൊളിച്ചു. 44 റണ്‍സെടുത്ത ഇഷാൻ ബൗണ്ടറി കണ്ടെത്താനുള്ള ശ്രമത്തിനിടെ സാം കറണിന്റെ കൈകളിലൊതുങ്ങി. വൈകാതെ അനികേതിനും ഡഗൗട്ടിലേക്ക് മടങ്ങേണ്ടി വന്നു. തന്റെ തനതുശൈലിയില്‍ ഇന്നിങ്സിലുടനീളം ബാറ്റ് വീശാൻ അനികേതിനായിരുന്നില്ല. 19 പന്തില്‍ 19 റണ്‍സാണ് താരം നേടിയത്. നൂറിനായിരുന്നു വിക്കറ്റ്.

എന്നാല്‍, ആറാം വിക്കറ്റില്‍ നിതീഷ് റെഡ്ഡിയും കമിന്ദു മെൻഡിസും ചേർന്ന് ഹൈദരാബാദ് ജയം ഉറപ്പാക്കി. കമിന്ദു 32 റണ്‍സെടുത്തും നിതീഷ് 19 റണ്‍സുമായും പുറത്താകാതെ നിന്നു.

നേരത്തെ ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 19.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് ചെന്നൈയെ തകര്‍ത്തത്. 25 പന്തില്‍ 42 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ ഡിവാള്‍ഡ് ബ്രേവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ആയുഷ് മാത്രെ 19 പന്തില്‍ 30 റണ്‍സെടുത്തു. ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ആറ് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഹര്‍ഷലിന് പുറമെ പാറ്റ് കമ്മിന്‍സ്, ജയദേവ് ഉനദ്കട്ട് രണ്ട് വിക്കറ്റെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe