ചെറിയ ശീലങ്ങളിൽ സംഭവിക്കുന്നത് വലിയമാറ്റങ്ങൾ: ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കാൻ മാര്‍ഗനിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

news image
Oct 3, 2025, 3:03 pm GMT+0000 payyolionline.in

കോ‍ഴിക്കോട്: ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ജില്ലാ ആരോഗ്യ വകുപ്പ്. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് ഭക്ഷണരീതിയായതിനാല്‍ ജില്ലയിൽ വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. പരിശീലന പരിപാടികളിലും അവലോകനയോഗങ്ങളിലും ചായ, കാപ്പി എന്നിവയ്ക്ക് പകരം ശുദ്ധമായ കുടിവെള്ളവും വേവിക്കാത്ത പഴങ്ങളും പച്ചക്കറികളും നല്‍കാം. ഇതിനായി കുടുംബശ്രീ, സ്വയംസഹായ സംഘങ്ങള്‍ ഇവയെ പരിശീലിപ്പിച്ച് ഉപയോഗപ്പെടുത്താം.

ചായയോടൊപ്പം ഉപ്പു ചേര്‍ക്കാത്ത നിലക്കടല, കശുവണ്ടി, പിസ്താ, ബദാം കുമ്പളക്കുരു , ഈത്തപ്പഴം എന്നിവ മിതമായി നല്‍കാം. പുഴുങ്ങിയ മുട്ടയോ ആവിയില്‍ വെന്ത പലഹാരങ്ങളോ ആണ് പിന്നെ നല്ലത്. മധുര പലഹാരങ്ങള്‍ ബിസ്‌ക്കറ്റുകള്‍ എണ്ണയില്‍ പൊരിച്ച പലഹാരങ്ങള്‍ എന്നിവ പൂർണ്ണമായും ഒഴിവാക്കുക. ബിരിയാണി, നെയ്‌ച്ചോര്‍, ഫ്രൈഡ് റൈസ്, പൊറോട്ട എന്നിവയും ഒഴിവാക്കേണ്ടതാണ്. ചോറിനോടൊപ്പം ഇറച്ചിയോ മീനോ വിളമ്പുമ്പോൾ പൊരിക്കാത്ത, എണ്ണ കുറഞ്ഞ വിഭവങ്ങള്‍ നല്‍കുക. പായസത്തിന് പകരം പഴവര്‍ഗങ്ങള്‍ കഷ്ണങ്ങളാക്കിയോ അപ്പാടെയോ കൊടുക്കാം. ഐസ്‌ക്രീം കൊടുകാത്തിരിക്കുക.

ജന്മദിനം തുടങ്ങിയ ആഘോഷങ്ങളില്‍ കേക്ക് വിതരണം ചെയ്യരുത്. മറ്റു മധുര പലഹാരങ്ങളും ഒഴിവാക്കണം. പ്രസവത്തെ തുടര്‍ന്ന് വാര്‍ഡുകളില്‍ മധുര പലഹാരം വിതരണം ചെയ്യരുത് എന്ന് വാര്‍ഡില്‍ ബോര്‍ഡ് വെക്കണം. ഈത്തപ്പഴമോ പഴവര്‍ഗ്ഗങ്ങളോ വിതരണം ചെയ്യാം.

ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ നവവത്സര ആഘോഷങ്ങളില്‍ കേക്ക് അനുവദനീയമാണ്. കുട്ടികളുടെ വാര്‍ഡില്‍ ഒരു വര്‍ഷത്തില്‍ പരമാവധി ആറ് തവണ കേക്ക് വിതരണം ചെയ്യാം. രണ്ട് ടീസ്പൂണ്‍ കൂടാത്ത അളവില്‍ ക്ഷേത്രങ്ങളിലെയും മറ്റും പ്രസാദം വിതരണം ചെയ്യാം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മറ്റു വകുപ്പുകള്‍ എന്നിവയില്‍ ഈ ഉത്തരവിന്റെ പകര്‍പ്പ് കാണിച്ച് സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കാം. ഹോസ്റ്റലുകളില്‍ വേവിക്കാത്ത പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ജീവനക്കാര്‍ ശ്രദ്ധിക്കണം.

ജീവനക്കാര്‍ കാന്‍റീനിലോ വീട്ടില്‍ വെച്ചോ കഴിക്കുന്ന ഭക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമദൃഷ്ടിയില്‍ സാധ്യമല്ല. എങ്കിലും എണ്ണ മധുരം ഇവ പരമാവധി ഒഴിവാക്കിയും വേവിക്കാത്ത പഴങ്ങള്‍ പച്ചക്കറികള്‍ ഇവ മൂന്ന് നേരവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും ആരോഗ്യം ഉറപ്പുവരുത്താന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. മദ്യപാനം പുകവലി ഇവ ഒഴിവാക്കാനും ദിവസം 20 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാനും ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടതാണ് എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe