ചെറ്റത്തരം പ്രയോഗം ആവർത്തിച്ച് മുഖ്യമന്ത്രി; ‘ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് ഞങ്ങൾക്കില്ല’

news image
Mar 27, 2026, 7:12 am GMT+0000 payyolionline.in

വിവാദങ്ങൾക്കിടെ വീണ്ടും ചെറ്റത്തരം എന്ന പദപ്രയോഗം ആവർത്തിച്ച് മുഖ്യമന്ത്രി. ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങൾക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ അപ്പുറത്തെ സ്ഥിതി അതല്ല. സിപിഐഎം- ഡീൽ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. അസംബന്ധങ്ങൾ പറയാൻ മടിയില്ലാത്തയാളാണ് വി ഡി സതീശൻ. ആർഎസ്എസിന് സംരക്ഷണം നൽകിയെന്ന് പരസ്യമായി പറഞ്ഞയാളാണ് കോൺഗ്രസിന്റെ മുൻ പ്രസിഡന്റെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.

ബി ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. അപരമത വിദ്വേഷം വളർത്തുന്നതിനാണ് ബിജെപിയുടെ ശ്രമം. ഓരോ മണ്ഡലത്തിലും ഓരോ മതവിഭാഗങ്ങളെ മത്സരിപ്പിക്കണമെന്ന് ആർക്കും പറയാൻ സാധിക്കില്ല. അത് വിഘടനവാദമാണ്. ഉത്തരേന്ത്യയിലൊക്കെ ആർഎസ്എസ് ഇതേ രീതിയാണ് സ്വീകരിച്ചുവരുന്നത്. ഇവിടെ 10 വർഷമായി വർഗീയ കലാപങ്ങൾ ഒന്നുമുണ്ടായിട്ടില്ല. ഒരു വർഗീയതയേയും ചാരി നിൽക്കുന്ന സർക്കാരോ പാർട്ടിയോ അല്ല ഇത്. വർഗീയമായ നീക്കങ്ങൾക്കെതിരെ കർക്കശമായ നിലപാടുമെടുത്തിട്ടുണ്ട്. ഗുരുവായൂരിലെ എൽഡിഎഫിന്റെ ജയസാധ്യത കണ്ടാണ് ബിജെപി സ്ഥാനാർഥി ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. ഗുരുവായൂരിലെ ജനങ്ങൾ ഇതൊന്നും വിലയ്‌ക്കെടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജി സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടെ എൽഡിഎഫിന് ഒരു പോറലും ഏൽക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിന് വിജയം സുനിശ്ചിതമായ മണ്ഡലങ്ങളിൽ ആരും നടത്തുന്ന കുത്സിതനീക്കങ്ങൾ ഏൽക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe