ചേട്ടാ എന്ന് വിളിച്ചില്ല; കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചു

news image
Aug 7, 2025, 12:29 pm GMT+0000 payyolionline.in

കോട്ടയം: കോട്ടയത്ത് സ്കൂൾ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. കോട്ടയം കളത്തിപ്പടിയിലെ ​ഗിരിദീപം ബഥനി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ക്രൂര മർദനം നേരിട്ടത്.

 

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് എട്ടോടെയാണ് സംഭവം. രണ്ട് സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി. മൂക്കിന് ​ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഹോസ്റ്റലിലെ സ്റ്റഡി ഹാളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ മകനെ സീനിയർ വിദ്യാർഥികൾ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദിച്ചുവെന്നാണ് മാതാപിതാക്കൾ പറയുന്നത്.

 

“ചേട്ടാ എന്ന് വിളിക്കാത്തതിനാണ് അവർ എന്റെ മകനെ ക്രൂരമായി മർദിച്ചത്. മൂക്കിൽ നിന്നും വായിൽ നിന്നും ചോരവന്നപ്പോഴാണ് അവർ അടിക്കുന്നത് നിർത്തിയത്”- വിദ്യാര്‍ഥിയുടെ അച്ഛൻ പറഞ്ഞു. മകനെ ആശുപത്രിയിൽ കൊണ്ടുപോകാനൊ ആവശ്യമായ നടപടി എടുക്കാനോ അധികൃതർ തയാറായില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു. അതേസമയം, ആരോപണ വിധേയരായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ പ്രിൻസിപ്പാൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe