കോഴിക്കോട്: ചേവായൂരിൽ മോഷണ പരമ്പര നടത്തിയ അഖിലിന്റെ വീട്ടിൽ നിന്നും തൊണ്ടി മുതൽ കണ്ടെത്തി പൊലീസ്. 38 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും, ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് കണ്ടെത്തിയത്. കക്കോടി, എലത്തൂർ ഭാഗങ്ങളിൽ പതിനഞ്ചോളം മോഷണം ഇയാൾ നടത്തിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ നിന്നും 25 പവൻ കവർന്നത് ഉൾപ്പെടെ ചെറുതും വലുതുമായി പതിനഞ്ചോളം മോഷണങ്ങളാണ് പ്രതി അഖിൽ നടത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 38 പവൻ സ്വർണവും, മൂന്ന് ലക്ഷം രൂപയും, ഡിജിറ്റൽ ക്യാമറ, ആപ്പിൾ ഹെഡ്സെറ്റ്, ലാപ് ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെത്തി.
മോഷ്ടിച്ച തുക കൊണ്ട് ലാപ് ടോപ് വാങ്ങിയെന്നാണ് അഖിലിന്റെ മൊഴി. മാത്രമല്ല പത്ത് വിദേശമദ്യക്കുപ്പികളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കക്കോടിയിലും എലത്തൂരിലും ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ മോഷണം. മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട ഇയാളെ ഇന്നലെയാണ് പൊലീസ് പിടികൂടുന്നത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് മോഷണം നടത്തിയെന്നാണ് പ്രതിയുടെ മൊഴി. അഖിലിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി. അതേസമയം ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടില്‍ കയറി 40 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്. ഇതര സംസ്ഥാനക്കാരനാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.