മോസ്കോ: ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ പതിനെട്ടുകാരൻ താരം ദൊമ്മരാജു ഗുകേഷ് ചരിത്രമെഴുതി ജേതാവായതിനു പിന്നാലെ, നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് ആരോപണം.
റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന 2024 ലോക ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യനെ അവസാന ഗെയിമിൽ കീഴടക്കിയാണ് 18–ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്.
58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോൽപിച്ചത്. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5 എന്ന നിലയിലായി. 14ാ–ം ഗെയിമിലെ 55–ാം നീക്കത്തിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവാണ് ഗുകേഷിന്റെ വിജയത്തിലേക്കു നയിച്ചത്.
അവസാന ഘട്ടത്തിൽ ഡിങ് ലിറൻ വരുത്തിയ പിഴവുമായി ബന്ധപ്പെട്ടാണ് റഷ്യൻ ചെസ് ഫെഡറേഷൻ അധ്യക്ഷൻ സംശയം ഉന്നയിച്ചത്. ഇക്കാര്യത്തിൽ രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) അന്വേഷണം നടത്തണമെന്നാണ് ആന്ദ്രെ ഫിലാത്തോവിന്റെ ആവശ്യം.
‘‘ലോക ചെസ് ചാംപ്യൻഷിപ്പിലെ അവസാന ഗെയിമിന്റെ ഫലം ചെസ് കളിയിലെ പ്രഫഷനലുകളിലും ആരാധകരിലും വലിയ ആശ്ചര്യമുളവാക്കിയിട്ടുണ്ട്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ചൈനീസ് താരത്തിന്റെ പ്രവൃത്തികൾ സംശയാസ്പദമാണ്. ഇക്കാര്യത്തിൽ ഫിഡെ പ്രത്യേക അന്വേഷണം നടത്തണം’ – ഫിലാത്തോവ് ആവശ്യപ്പെട്ടു.
‘‘ഡിങ് ലിറൻ തോൽവിയിലേക്കു നീങ്ങിയ, മത്സരത്തിന്റെ അത്തരമൊരു ഘട്ടത്തിൽ സാധാരണ ചെസ് താരങ്ങൾ പോലും തോൽക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് വാസ്തവം. 14–ാം ഗെയിമിൽ ചൈനീസ് താരത്തിന്റെ തോൽവി ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ആ തോൽവി മനഃപൂർവമായിരുന്നുവെന്ന് സംശയിക്കണം’ – ഫിലാത്തോവ് പറഞ്ഞു.
2023 ൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ യാൻ നീപോംനീഷിയെ തോൽപിച്ചാണു ഡിങ് ചാംപ്യനായത്. ചാംപ്യന്റെ എതിരാളിയെ കണ്ടെത്താൻ നടത്തിയ, 8 പേർ പങ്കെടുത്ത കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിച്ചാണ് ഗുകേഷ് ഡിങ്ങിനെ നേരിട്ടത്.