ചോദ്യപേപ്പറിൽ വ്യാപക പിഴവ്; യു.ജി.സി. നെറ്റ് മൂന്ന് വിഷയങ്ങളിലെ പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ

news image
Aug 17, 2026, 5:17 am GMT+0000 payyolionline.in

ന്യൂഡൽഹി: ജൂൺ 22 മുതൽ 30 വരെ നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പറുകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ.) തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഇതിനായി അധിക ഫീസ് ഈടാക്കില്ലെന്നും പരീക്ഷാ കേന്ദ്രം, അഡ്മിറ്റ് കാർഡ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും എൻ.ടി.എ. വ്യക്തമാക്കി.

​എൻ.ടി.എ. സമിതി നടത്തിയ പരിശോധനയിൽ വസ്തുതാപരമായ തെറ്റുകൾ, വിവർത്തന-വ്യാകരണ പിശകുകൾ, മുൻ പരീക്ഷകളിലെ ചോദ്യങ്ങളുടെ ആവർത്തനം എന്നിവ കണ്ടെത്തി. ഇംഗ്ലീഷ് പേപ്പറിൽ 2024 ഡിസംബറിലെ പരീക്ഷയിലെ 14 ചോദ്യങ്ങളാണ് ആവർത്തിച്ചത്. കൂടാതെ പ്രമുഖ വ്യക്തികളുടെയും പുസ്തകങ്ങളുടെയും പേരുകളിൽ അക്ഷരത്തെറ്റുകളും സോഷ്യോളജി, കൊമേഴ്സ് പേപ്പറുകളിൽ ടൈപ്പിങ് പിശകുകളും കണ്ടെത്തിയിരുന്നു.

​ പരീക്ഷാ തീയതികളും സമയവും:

​ഇംഗ്ലീഷ്: സെപ്റ്റംബർ 9 (രാവിലെ 9.00 – 12.00)

​കൊമേഴ്സ്: സെപ്റ്റംബർ 9 (ഉച്ചയ്ക്ക് 3.00 – 6.00)

​സോഷ്യോളജി: സെപ്റ്റംബർ 10 (രാവിലെ 9.00 – 12.00)

​അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കും പിഎച്ച്.ഡി. പ്രവേശനത്തിനുമുള്ള ഈ പ്രധാന പരീക്ഷ വീണ്ടും നടത്തുന്നതോടെ യാത്രയും പുനസ്സജ്ജീകരണവും ഉദ്യോഗാർത്ഥികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി. പരീക്ഷ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിന് പിന്നാലെ ഈ വർഷം എൻ.ടി.എ. നടപടി നേരിടുന്ന രണ്ടാമത്തെ പ്രധാന പരീക്ഷയാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe