ദുബൈ: ‘മൈ ആസ്റ്റർ’ ആപ്ലിക്കേഷനിൽ എ.ഐ ഉപയോഗപ്പെടുത്തി ചർമ പരിശോധനയും വ്യക്തിഗത ചർമ പരിചരണത്തിനും സഹായിക്കുന്ന ‘മൈ ബ്യൂട്ടി ലെൻസ്’ പുറത്തിറക്കി. മൈ ബ്യൂട്ടി ലെൻസിലൂടെ മുഖത്തിന്റെ സവിശേഷതകളും ചർമത്തിന്റെ നിറവും വിലയിരുത്തി, പതിനെട്ടിലധികം പ്രധാന ചർമ അളവുകളും നൂറിലധികം ഉപ അളവുകളും വിശകലനം ചെയ്യാനുള്ള സംവിധാനമുണ്ട്. മൈ ആസ്റ്റർ പ്ലാറ്റ്ഫോമിലേക്ക് അത്യാധുനിക എ.ഐ സാങ്കേതിക വിദ്യ സമന്വയിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കൾക്ക് അവരുടെ ചർമത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, മൈ ബ്യൂട്ടി ലെൻസ് വ്യക്തിഗതമായി തയാറാക്കിയ പ്രഭാത, സായാഹ്ന ഉൽപന്നങ്ങൾ ശിപാർശ ചെയ്യും. ഇവ മൈ ആസ്റ്റർ ആപ് വഴി അപ്പോൾ തന്നെ ഓർഡർ ചെയ്യാനും കഴിയും. ഉപയോക്താക്കളെ അവരുടെ ചർമത്തിന്റെയും മുഖത്തിന്റെയും ആരോഗ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ പ്രാപ്തരാക്കുന്നതിനാണ് മൈ ബ്യൂട്ടി ലെൻസ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡിജിറ്റൽ ഹെൽത്ത് ആൻഡ് ഓമ്നി ചാനൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നല്ല കരുണാനിധി പറഞ്ഞു.
ടെലി കൺസൾട്ടേഷനുകൾ, ഫാർമസി ഡെലിവറികൾ, വെൽനസ് സേവനങ്ങൾ, ഹോം കെയർ എന്നിവയിലൂടെ വലിയ സ്വീകാര്യത ലഭിച്ച മൈ ആസ്റ്റർ സൂപ്പർ ആപ്, ബ്യൂട്ടി ലെൻസിലൂടെ മേഖലയിലെ ഏറ്റവും സമഗ്രമായ ആരോഗ്യ, വെൽനസ് പ്ലാറ്റ്ഫോം എന്ന സ്ഥാനത്തെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ മൈ ആസ്റ്റർ എക്സ്പ്രസ് ഡെലിവറി നാല് എമിറേറ്റുകളിലേക്കുകൂടി വ്യാപിപ്പിച്ചിരുന്നു.