ന്യൂഡൽഹി: ഛർദ്ദിക്കാൻ വേണ്ടി ബസിൽ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു. ഡൽഹിയിലെ നരേലയിലാണ് സംഭവം. യു.പി സ്വദേശിനിയായ ബാബ്ലി ആണ് മരണപ്പെട്ടത്.
സഹോദരിക്കും അവരുടെ കുടുംബത്തിനുമൊപ്പം ലുധിയാനയിലെ മൂത്ത സഹോദരനെ കാണാനുള്ള യാത്രക്കിടെയായിരുന്നു സംഭവം. അലിപൂരിലെത്തിയപ്പോഴാണ് യുവതിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്. ഛർദ്ദിക്കാനായി തല പുറത്തിട്ടപ്പോൾ പിന്നിൽ നിന്നും ബസിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്ന മറ്റൊരു വാഹനത്തിൽ യുവതിയുടെ തല ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയെന്നും വാഹനത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം അപകടം നടന്നതിന് പിന്നാലെ ആംബുലൻസ് വിളിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ലെന്ന് യുവതിയുടെ സഹോദരി പൂനം മാധ്യമങ്ങളോട് പറഞ്ഞു. പത്ത് മിനിറ്റോളം കാത്തുനിന്ന് ശേഷം ബസിലെ ജീവനക്കാർ തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും സഹോദരി കൂട്ടിച്ചേർത്തു. കുടുംബത്തിന്‍റെ വാദങ്ങൾ ആശുപത്രി തള്ളി.