ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസിന്റെ മുതിർന്ന നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി തിങ്കളാഴ്ച രണ്ടു തെരഞ്ഞെടുപ്പ് റാലികളിൽ സംബന്ധിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 25ന് ആണ് നടക്കുക. തിങ്കളാഴ്ച രാവിലെ പ്രത്യേക വിമാനത്തിൽ ലോപ് ശ്രീനഗറിലെത്തുന്ന അദ്ദേഹം ഹെലികോപ്ടറിൽ ശ്രീനഗറിൽ നിന്ന് സുരൻകോട്ടിലേക്ക് പോകും. തിങ്കളാഴ്ച ആദ്യം 12.30ന് രജൗരി ജില്ലയിലെ സുരൻകോട്ട് മണ്ഡലത്തിൽ കോൺഗ്രസ് പ്രചാരണ റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും.
തുടർന്ന് ശ്രീനഗർ ജില്ലയിലെ സെൻട്രൽ ഷാൽടെങ് നിയോജക മണ്ഡലത്തിൽ ഉച്ചകഴിഞ്ഞ് തെരഞ്ഞെടുപ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും.
തുടർന്ന് വൈകുന്നേരം പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹം ന്യൂഡൽഹിയിലേക്ക് പോകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ ഐ.എ.എൻ.എസിനോട് പറഞ്ഞു. ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസും കോൺഗ്രസും തെരഞ്ഞെടുപ്പ് സഖ്യത്തിലാണ്.