ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ പി.എസ്.സിക്ക് അധികാരമില്ലെന്ന് ഹൈകോടതി

news image
Nov 5, 2024, 7:09 am GMT+0000 payyolionline.in

കൊച്ചി: ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താനോ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനോ പി.എസ്.സിക്ക് അധികാരമില്ലെന്ന് ഹൈകോടതിയുടെ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണം.

ഹിന്ദു നാടാര്‍ വിഭാഗത്തിനായി നീക്കിവെച്ച ഫയര്‍മാന്‍ തസ്തികയിലേക്കുള്ള നിയമനം മതംമാറിയെന്ന പേരില്‍ നിഷേധിച്ച പി.എസ്.സി നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ്.പി. അനു സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. 2015ല്‍ അനുവിന് ആദ്യം ജയില്‍ വാര്‍ഡനായി നിയമനം ലഭിച്ചിരുന്നു. പിന്നീട് ഫയര്‍മാനായി സെലക്ഷന്‍ ലഭിച്ചപ്പോള്‍ വാര്‍ഡന്‍ ജോലി രാജിവെച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് ജാതി സർട്ടിഫിക്കറ്റിൽ തട്ടിപ്പു നടത്തിയെന്ന് കാണിച്ച് പി. എസ്.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതിക്ക് ശേഷം അനു ഹിന്ദു നാടാര്‍ വിഭാഗത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറി. പിന്നീട് ജയില്‍ വാര്‍ഡന്റെ തസ്തികയിലേക്ക് അപേക്ഷ നല്‍കിയശേഷം വീണ്ടും ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നുവെന്നും പി.എസ്.സി ചൂണ്ടിക്കാട്ടി. അഡൈ്വസ് മെമ്മോ റദ്ദാക്കിയ പി.എസ്.സി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടു. ഭാവിയില്‍ അപേക്ഷ നല്‍കുന്നതും വിലക്കി.

ഈ ഉത്തരവ് ചോദ്യം ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചെങ്കിലും പി.എസ്.സി നിലപാട് ശരിവെക്കുകയായിരുന്നു. എന്നാല്‍ താന്‍ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള യുവതിയെ വിവാഹം കഴിച്ചതിന്റെ ചടങ്ങാണ് പള്ളിയില്‍ നടന്നതെന്നുമാണ് ഹരജിക്കാരന്റെ വാദം. സര്‍ട്ടിഫിക്കറ്റുകളില്‍ ഹിന്ദു നാടാര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും ഇയാൾ ബോധിപ്പിച്ചു. തുടര്‍ന്ന് പി.എസ്.സിയുടെ ഉത്തരവുകള്‍ ഹൈകോടതി റദ്ദാക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe