ഹൈദരാബാദ്: ജാതി സർവേ റിപ്പോർട്ട് ചർച്ച ചെയ്യാൻ തെലങ്കാന നിയമസഭ ചൊവ്വാഴ്ച ചേരും. റിപ്പോർട്ട് നിയമസഭയിൽ ചർച്ചക്കായി അവതരിപ്പിക്കുന്നതിനുമുമ്പ് മന്ത്രിസഭ യോഗം ചേരും.
സർവേ നടത്തിയ സംസ്ഥാന ആസൂത്രണ വകുപ്പ്, മന്ത്രി എൻ. ഉത്തം കുമാർ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിക്ക് ഞായറാഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സർവേ പ്രകാരം, തെലങ്കാനയിലെ മൊത്തം 3.7കോടി ജനസംഖ്യയുടെ 46.25 ശതമാനം മുസ്ലിം ന്യൂനപക്ഷങ്ങൾ ഒഴികെയുള്ള പിന്നാക്ക വിഭാഗങ്ങളാണ്. പട്ടികജാതി (എസ്.സി) 17.43 ശതമാനവും പട്ടികവർഗ (എസ്.ടി) 10.45 ശതമാനവും മുസ്ലിംകളിൽ പിന്നാക്ക വിഭാഗങ്ങൾ 10.08 ശതമാനവും മറ്റ് ജാതികൾ (ഒ.സി) 13.31 ശതമാനവും മുസ്ലിംകളിൽ ഒ.സി വിഭാഗക്കാർ 2.48 ശതമാനവുമാണ്. സംസ്ഥാനത്തെ മൊത്തം മുസ്ലിം ജനസംഖ്യ 12.56 ശതമാനമാണ്.